ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ എണ്ണകപ്പലിന് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം നടക്കുന്നു
കൊംളംബോ: കുവൈത്തില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന കപ്പലിന് തീ പിടിച്ചു. ശ്രീലങ്കന്‍ തീരത്തുവെച്ചാണ് തീ പിടുത്തമുണ്ടായത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു ന്യൂ ഡയമണ്ട് എന്ന കപ്പലിനാണ് തീ പീടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.

Recommended Video
കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് ക്രൂഡ് ഓയിലുമായി കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടതെന്നാണ് റിഫിനിറ്റീവ് ഐക്കൺ കപ്പൽ ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടികല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചെന്നാണ് ലങ്കന്‍ നാവിക സേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്ഷെ അറിയിക്കുന്നത്. 270000 ടണ്‍ ക്രൂഡ് ഓയിലാണ് കപ്പലില്‍ ഉള്ളത്.
തീപിടിച്ച കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. കപ്പലില്‍ നിന്നും ഇതുവരെ എണ്ണ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അഗ്നിബാധയില്‍ ഒരു ജീവനക്കാരന് പരിക്കുണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 23 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications