ഇന്ത്യന്‍ പാസ്‌പോര്‍ട്ട് താഴേക്ക്; ഖത്തര്‍ യാത്രയ്ക്ക് വിസ ഓണ്‍ അറൈവല്‍, ഇറാനിലേക്ക് വിസ വേണ്ട
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്ത് കുറഞ്ഞു. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് 85 ആയി. നേരത്തെ 80 ആയിരുന്നു. കഴിഞ്ഞ വര്‍ഷം വിസ ഇല്ലാതെ 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 57 രാജ്യങ്ങളേ സന്ദര്‍ശിക്കാന്‍ സാധിക്കൂ.
ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് സിംഗപ്പൂരിന്റേതാണ്. 193 രാജ്യങ്ങളില്‍ വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ ഈ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയക്കാര്‍ക്ക് 190 രാജ്യങ്ങളില്‍ വിസ ഇല്ലാതെ പോകാം. മൂന്നാം സ്ഥാനം ജപ്പാന്‍ പാസ്‌പോര്‍ട്ടിനാണ്. 189 രാജ്യങ്ങളിലേക്ക് വിസ വേണ്ട. അമേരിക്കയുടെ സ്ഥാനം ഇടിഞ്ഞ് 12ലെത്തി. മലേഷ്യയ്‌ക്കൊപ്പമാണ് അമേരിക്ക. 180 രാജ്യങ്ങളില്‍ ഈ രാജ്യക്കാര്‍ക്ക് വിസ ആവശ്യമില്ല.

കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ സ്ഥാനം 7 ആയിരുന്നു. മാത്രമല്ല, ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് അമേരിക്ക പുറത്തുപോകുന്നത് ആദ്യമായിട്ടാണ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുലര്‍ത്തുന്ന നയങ്ങളാണ് യുഎസ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് കുറച്ചത്. അയാട്ടയില്‍ നിന്നുള്ള വിവരങ്ങളും ഓരോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരുടെ പൊതു അഭിപ്രായവുമെല്ലാം കണക്കിലെടുത്താണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.
പാകിസ്താന്റെ സ്ഥാനം 103 ആണ് എന്നതും എടുത്തുപറയണം. 31 രാജ്യങ്ങളില്‍ മാത്രമാണ് പാകിസ്താന്‍കാര്‍ക്ക് വിസ രഹിത യാത്ര നടത്താന്‍ സാധിക്കുക. ബംഗ്ലാദേശിന്റെ സ്ഥാനം 100 ആണ്. ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 38 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. ഭൂട്ടാന്‍ 92, നേപ്പാള്‍ 101, ശ്രീലങ്ക 98 എന്നിങ്ങനെയാണ് റാങ്ക്. ഏറ്റവും ശേഷി കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്താന്റേതാണ്. 24 ആണ് റാങ്ക്. സിറിയ 26, ഇറാഖ് 29 റാങ്കിലാണുള്ളത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ നല്ല കാലം
2006ലാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഏറ്റവും കരുത്ത് കാണിച്ചിരുന്നത്. അന്ന് 71 ആയിരുന്നു റാങ്ക്. വിസ ഇല്ലാതെ ഒരു രാജ്യത്തേക്ക് പോകാനും താമസിക്കാനും നല്‍കിയിട്ടുള്ള അനുമതി ഉയര്‍ന്ന റാങ്ക് ലഭിക്കാനുള്ള യോഗ്യതയാണ്. മാത്രമല്ല, ചില രാജ്യങ്ങളിലേക്ക് വിമാനത്താവളത്തില്‍ എത്താന്‍ വിസ വേണ്ടെങ്കിലും വിസ ഓണ്‍ അറൈവല്‍ രേഖ ലഭിച്ച ശേഷം പുറത്തിറങ്ങാന്‍ അനുമതി ലഭിക്കും.
ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍- അംഗോള, ബര്‍ബഡോസ്, ഭൂട്ടാന്‍, ബ്രിട്ടീഷ് വര്‍ജിന്‍ ഐസ്ലാന്റ്, കുക്ക് ഐസ്ലാന്റ്, ഡൊമിനിക്ക, ഫിജി, ഗ്രെനേഡ, ഹെയ്തി, ഇറാന്‍, ജമൈക്ക, കസാഖിസ്താന്‍, കിരിബാത്തി, മക്കാവു, മലേഷ്യ, മാലദ്വീപ്, മൗറീഷ്യസ്, മൈക്രോണേഷ്യ, മോണ്ട്‌സെറാത്ത്, നേപ്പാള്‍, ഫിലിപ്പീന്‍സ്, റുവാണ്ട, സെനഗല്‍, സീഷെല്‍സ്, സെന്റ്. കിട്ട് ആന്റ് നെവിസ്, സെന്റ്. വിന്‍സെന്റ് ആന്റ് ഗ്രനാഡിനസ്, തായ്‌ലാന്റ്, ട്രിനിഡാജ് ആന്റ് ടുബാഗോ, വനുവാട്ടു.
വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്ന രാജ്യങ്ങള്‍- ബൊളീവിയ, ബുറുണ്ടി, കംബോഡിയ, കേപ് വെര്‍ദി ഐസ്ലാന്റ്, കോമോറോ ഐസ്ലാന്റ്, ജിബൂത്തി, എത്യോപ്യ, ഗിനിയ ബിസ്സോ, ഇന്തോനേഷ്യ, ജോര്‍ദാന്‍, ലാവോസ്, മഡഗാസ്‌കര്‍, മാര്‍ഷല്‍ ഐസ്ലാന്റ്, മംഗോളിയ, മൊസാബിക്, മ്യാന്‍ന്മര്‍, എന്‍ജു, പാലോ ഐസ്ലാന്റ്, ഖത്തര്‍, സമോവ, സിയറ ലിയോണ്‍, ശ്രീലങ്ക, സെന്റ് ലുസിയ, ടാന്‍സാനിയ, തൈമൂര്‍-ലെസ്റ്റി, തുവാലു, സിംബാബ്‌വെ. കെനിയയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ലഭിക്കും.












Click it and Unblock the Notifications