മേക്ക് ഓവറിനൊരുങ്ങി വന്ദേഭാരത്; നിറം മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്, ഏതാകും പുതിയ നിറം?
ന്യൂദല്‍ഹി: സെമി-ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ നിറം മാറ്റാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ വെള്ളയില്‍ വീതിയേറിയ നീല വരകളാണ് വന്ദേഭാരതിന്റെ നിറം. ഇത് മാറ്റി കാവിയും ബ്രൗണും ചേര്‍ന്ന നിറമായിരിക്കും പുതിയതായി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോഴുള്ള വെള്ള നിറം മൂലം പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാല്‍ പുതിയ നിറം പരീക്ഷിക്കാനാണ് റെയില്‍വേയും ആലോചന എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദര്‍ശിക്കും.

ഈ വേളയില്‍ ആയിരിക്കും പുതിയ കളര്‍ സ്‌കീമിന് അംഗീകാരം നല്‍കാന്‍ം സാധ്യത എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത വന്ദേഭാരത് വളരെ പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. കുറഞ്ഞ ചെലവില്‍ അത്യാധുനിക യാത്രാ സൗകര്യങ്ങള്‍ ആണ് വന്ദേഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് പ്രദാനം ചെയ്യുന്നത്.
180 കിലോമീറ്റര്‍ ആണ് വന്ദേഭാരത് മുന്നോട്ട് വെക്കുന്ന വേഗത. ഗൊരഖ്പൂര്‍-ലക്നൗ, ജോധ്പൂര്‍-സബര്‍മതി റൂട്ടുകള്‍ നിലവില്‍ വന്നതോടെ, രാജ്യത്തെ വന്ദേ ഭാരത് റൂട്ടുകളുടെ എണ്ണം ഇപ്പോള്‍ 50 ആയി ഉയര്‍ന്നു. പൂര്‍ണമായും ശീതികരിച്ച കോച്ചുകളുള്ള അതിവേഗ ട്രെയിന്‍ ആണ് വന്ദേഭാരത്. പതിനാറ് കോച്ചുകള്‍ ആണ് ഉണ്ടാകുക. ഓട്ടോമാറ്റിക് വാതിലുകള്‍ ആണ് മറ്റൊരു സവിശേഷത.
1126 യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എഇഡി ലൈറ്റിങ്, ബയോവാക്വം ശുചിമുറി, മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരതിന് കവച് ടെക്നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനമാണ് ഉള്ളത്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയാണ് ഇത്.
2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തി തുടങ്ങിയത്. ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമിഹൈസ്പീഡ് ട്രെയിന്‍ എന്ന വിശേഷണവും വന്ദേ ഭാരത് എക്സ്പ്രസിന് സ്വന്തമാണ്. യാത്രാ സമയം 25% മുതല്‍ 45% വരെ കുറയ്ക്കാനാകും എന്നാണ് റെയില്‍വേ പറയുന്നത്.












Click it and Unblock the Notifications