പാകിസ്ഥാന്റെ ഉറക്കം കെടുത്തി, തീ തുപ്പി ഇന്ത്യ: യുദ്ധപ്രവർത്തിയെന്ന് ഷഹബാസ് ഷരീഫ്
ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയത് വന്‍ മിസൈലാക്രമണം. ഒമ്പത് ഇടങ്ങളിലാണ് ഇന്ത്യ സേന ആക്രമണം നടത്തിയത്. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേര് നൽകിയ ഈ ആക്രമണത്തിൽ, പാകിസ്ഥാൻ-നിയന്ത്രിത കശ്മീരിലെ മുസഫറാബാദ്, പഞ്ചാബ് പ്രവിശ്യയിലെ മുരിദ്കെ, ബഹാദല്‍പൂർ, കോട്‌ലി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയാണ് ആക്രണം നടന്നത്.
"ഫോക്കസ്ഡ്, മെഷേർഡ്, നോൺ-എസ്കലേറ്ററി" ആക്രമണമായിരുന്നുവെന്നും പാക് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. പാകിസ്ഥാൻ സൈന്യം, മിസൈലുകൾ ഇന്ത്യൻ പ്രദേശത്ത് നിന്നാണ് വിക്ഷേപിച്ചതെന്നും ഇന്ത്യന്‍ സേന വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നീക്കം യുദ്ധപ്രവർത്തിയെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷാ കമ്മിറ്റി യോഗം വിളിച്ചുകൂട്ടിയ അദ്ദേഹം അന്താരാഷ്ട്ര മാധ്യമങ്ങളെ ആക്രമണ സ്ഥലങ്ങൾ സന്ദർശിക്കാൻ ക്ഷണിച്ചു.

'ഇന്ത്യ അടിച്ചേൽപ്പിച്ച ഈ യുദ്ധനടപടിക്കെതിരെ ശക്തമായി പ്രതികരിക്കാൻ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ട്, ശക്തമായ മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്' എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
കോട്‌ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലെയും മുസാഫറാബാദിലെ രണ്ട് സ്ഥലങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും വ്യക്തമാക്കി. സിയാൽകോട്ട്, ബഹാവൽപൂർ, ചക് അമ്രു, മുരിദ്കെ എന്നിവ അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്തും ബാക്കിയുള്ളവ പിഒകെയിലെ നിയന്ത്രണ രേഖയ്ക്കപ്പുറത്തുമാണ് സ്ഥിതി ചെയ്യുന്നത്.
ഹാഫിസ് സയീദിന്റെ നേതൃത്വത്തലുള്ള ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ ആസ്ഥാനമാണ് മുരിദ്കെ. മസൂദ് അസ്ഹർ നടത്തുന്ന ജെയ്‌ഷെ-ഇ-മുഹമ്മദ് എന്ന സംഘടനയുടെ താവളമാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹൽവാപൂർ.
ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളുടെ പരിശീലന ക്യാമ്പുകളാണ് ഇന്ത്യ പ്രധാനമായും തകർത്തത്. എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകർന്നതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. പിന്നാലെ "നീതി നടപ്പാക്കപ്പെട്ടു. ജയ് ഹിന്ദ്!" എന്ന് ഇന്ത്യന്‍ ആർമി എക്സില്‍ പോസ്റ്റ് ചെയ്തു. ദേശീയ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് "ഭാരത് മാതാ കി ജയ്" എന്നായിരുന്നു കുറിച്ചത്.
പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായിരുന്നു ഈ നടപടിയെന്നും പാകിസ്ഥാന്റെ തുടർ നടപടികളെ അടിസ്ഥാനമാക്കി കൂടുതൽ ശക്തമായ തീരുമാനങ്ങളുണ്ടാകുമെന്നും സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്നുള്ള മറുപടയെന്നാണം നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഗ്രാമങ്ങൾക്ക് നേരെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവും നടത്തി. പാക് ഭാഗത്ത് നിന്നുള്ള ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാർക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ, പാകിസ്ഥാന്‍ ബന്ധം അതീവ വഷളായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സഹായത്തോടെ ലഷ്കർ-ഇ-തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടായിരുന്നു ആക്രമണം നടത്തിയത്. പാകിസ്ഥാൻ ആക്രമണത്തിലെ പങ്കിനെ നിഷേധിച്ചെങ്കിലും, ഇന്ത്യ 1960-ലെ സിന്ധു ജല ഉടമ്പടി റദ്ദാക്കുക, പാക് നയതന്ത്രജ്ഞരെ പുറത്താക്കുക, വിസ റദ്ദാക്കുക, എല്ലാവിധ ഇറക്കുമതികളും നിർത്തിവെക്കുക, പാക് പൌരന്മാരെ പുറത്താക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചു. പാകിസ്ഥാനും മറുപടിയെന്നോണം ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും 1972-ലെ ഷിംല ഉടമ്പടി റദ്ദാക്കുകയും ചെയ്തു.












Click it and Unblock the Notifications