'പലസ്തീന് ഇന്ത്യ നൽകുന്ന സഹായം തുടരും'; പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി
പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ-പലസ്തീൻ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇത് ആദ്യമായാണ് മോദി പലസ്തീനെ ബന്ധപ്പെടുന്നത്. ഗസയിലെ അൽ അഹ്ലി ആശുപത്രിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മോദി അനുശോചിച്ചു. പലസ്തീൻ ജനങ്ങൾക്ക് ഇന്ത്യ സഹായം തുടരുമെന്ന് ഇറപ്പ് നൽകിയ പ്രധാനമന്ത്രി ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത ദീർഘകാലമായി തുടരുന്ന നിലപാട് ആവർത്തിച്ചു.
'പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അൽ അഹ്ലി ആശുപത്രിയിൽ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ചു. പലസ്തീൻ ജനതയ്‌ക്കായി സഹായം നൽകുന്നത് ഞങ്ങൾ തുടരും. മേഖലയിലെ ഭീകരവാദം, അക്രമം, സുരക്ഷാ സാഹചര്യങ്ങളുടെ തകർച്ച എന്നിവയിൽ അഗാധമായ ആശങ്ക അറിയിച്ചു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചു', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തേ യുദ്ധത്തിൽ ഇസ്രായേലിന് മോദി പിന്തുണ അറിയിച്ചിരുന്നു. എന്നാൽ മോദിയുടെ നടപടിക്കെതിരെ കടുത്ത വിമർശനമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ദീർഘകാലമായി വിഷയത്തിൽ ഇന്ത്യ തുടരുന്ന നിലപാടിന് എതിരാണ് മോദിയുടെ നടപടിയെന്നായിരുന്നു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. ഇസ്രായേലിന് തുടക്കത്തിൽ തന്നെ പിന്തുണ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ഇന്ത്യയുടെ അവസരമാണ് മോദി ഇല്ലാതാക്കിയതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രശ്ന പരിഹാരത്തിനായി സൗദി അറേബ്യയുമായും ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നതായും എൻഎസ്എ തലത്തിലുള്ള ചർച്ചകൾ ഉടൻ നടന്നേക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.












Click it and Unblock the Notifications