റഷ്യ വീണു; പക്ഷെ സൗദി അറേബ്യ നേട്ടം കൊയ്തില്ല, അപ്രതീക്ഷിത തിരിച്ചടി: നേട്ടം കൊയ്തത് ഇറാഖ്
ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതിയിലെ ഇടിവ് തുടരുന്നു. ഡിസംബർ മാസത്തില്‍ ഈ വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി എത്തിയിരിക്കുന്നത്. അളവില്‍ വലിയ കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ ഇപ്പോഴും തുടരുകയാണെന്നും കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ പുറത്തുവിട്ട റിപ്പോർട്ടുകള്‍ കാണിക്കുന്നു.
ഡിസംബറിൽ ഇന്ത്യ റഷ്യയിൽ നിന്ന് പ്രതിദിനം 1.44 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. നവംബറില്‍ ഇത് 1.78 ദശലക്ഷം ബി പി ഡിയായിരുന്നു. 'റഷ്യയില്‍ നിന്നുമുള്ള വിലക്കിഴിവ് ഇപ്പോള്‍ നാമമാത്രമാണെങ്കിലും അത് ലാഭം നല്‍കുന്നു എന്നതിനാല്‍ ഇന്ത്യന്‍ റിഫൈനറിമാർ ഇപ്പോഴും റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുകയാണ്' കെപ്ലർ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏർപ്പെടുത്തിയ വിലക്കോടെയാണ് റഷ്യ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ശക്തമാക്കിയത്. വലിയ തോതില്‍ വിലക്കിഴിവ് നല്‍കിയതാണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ റഷ്യയെ സഹായിച്ചത്.
അടുത്ത കാലത്തായി റഷ്യ ഇന്ത്യന്‍ റിഫൈനറിമാർക്ക് നല്‍കുന്ന വിലക്കിഴിവില്‍ കുറവ് വരുത്തിയിരിക്കുകയാണ്. ഇതാണ് നിലവിലെ ഇറക്കുമതി ഇളവിന് കാരണമായത്. ഇറക്കുമതിയിലെ ഈ ഇടിവ് നികത്താന്‍ ഇന്ത്യന്‍ റിഫൈനറിമാർ വീണ്ടും പരമ്പരാഗത വ്യാപാര പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി. ഇറാഖാണ് പ്രധാനമായും ഇക്കാലയളവില്‍ നേട്ടം കൊയ്തത്.
ഡിസംബറിൽ, ഇറാഖില്‍ നിന്നും ഇന്ത്യയിലേക്ക് 1.23 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിൽ വിതരണം ചെയ്തു. നവംബറില്‍ ഇത് 890000 ബി പി ഡിയായിരുന്നു. അതേസമയം സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നതും ശ്രദ്ധേയമാണ്. ഡിസംബറില്‍ സൗദി അറേബ്യയില്‍ നിന്നും 582000 ബി പി ഡി ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് എത്തിയതെങ്കില്‍ നവംബറിലെ ഇറക്കുമതി 621000 ബി പി ഡിയായിരുന്നു.
യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും ശക്തിപ്പെട്ടു. ഡിസംബറിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയും വർദ്ധിച്ചു. ഡിസംബറിൽ ഇന്ത്യ ആകെ 4.8 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. 4.7 ബി പി ഡിയായിരുന്നു നവംബറിലെ ഇറക്കുമതി.












Click it and Unblock the Notifications