യുഎഇയെ രണ്ടാമതാക്കി യുഎസ് മുന്നില്‍: ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ആ ഉത്പന്നം
2023-24 സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി വലിയ തോതില്‍ വർധിച്ചതായി കണക്കുകള്‍. 2024 മെയ് മാസത്തോടെ, കയറ്റുമതി വർഷം തോറും 9.1% വർദ്ധിച്ച് 38.13 ബില്യൺ ഡോളറിലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യു കെ, യു എ ഇ, യു എസ്., നെതർലാൻഡ്‌സ്, ചൈന, സൗദി അറേബ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായിട്ടാണ് ഇന്ത്യക്ക് പ്രധാനമായും കയറ്റുമതി വ്യാപാരമുള്ളത്.
അതേസമയം, തന്നെ ഇറക്കുമതി 7.7% വർധിച്ച് 61.91 ബില്യൺ ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 23.78 ബില്യൺ ഡോളറായി ഉയർത്തി. 2024 സാമ്പത്തിക വർഷത്തില്‍ കയറ്റുമതിയിൽ 3.1% ഇടിവ് ഉണ്ടായെങ്കിലും പുതിയ സാമ്പത്തിക വർഷം പോസിറ്റീവായി തന്നെയാണ് ആരംഭിച്ചതെന്നും ഏപ്രിൽ-മെയ് 2024 കയറ്റുമതി 5.1% വർദ്ധിച്ചെന്നും വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ടയർ കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദത്തിൽ 17% ഉയർന്ന് 6,219 കോടി രൂപയായതാണ് പ്രധാന നേട്ടം. ആകെ കയറ്റുമതി 2023-24 ൽ 778.2 ബില്യൺ ഡോളറിലെത്തി, 2022-23 ലെ 776.4 ബില്യണിൽ നിന്ന് നേരിയ വർദ്ധനവ്. ആഗോള ചരക്ക് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് 2014-ൽ 1.70% ആയിരുന്നത് 2023-ൽ 1.82% ആയും വർദ്ധിച്ചു. ഇതോടെ ഇന്ത്യയുടെ റാങ്ക് 19-ൽ നിന്ന് 17-ലേക്ക് എത്തുകയും ചെയ്തു.
മികച്ച 10 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയിൽ 2023-24ൽ ഇന്ത്യക്ക് 13% വർധനയുണ്ടായെന്നും കണക്കുകള്‍ പറയുന്നു. എഞ്ചിനീയറിംഗ് സാധനങ്ങൾ, പെട്രോളിയം, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഐടി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന വസ്തു അരിയാണ്. 2024 ഏപ്രില്‍-മെയ് മാസങ്ങളിലായി 1956 മില്യണ്‍ യുഎസ് ഡോളറിന്റെ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. 766 മില്യണ്‍ ഡോളറിന്റെ സുഗന്ധവൃജ്ഞന വസ്തുക്കളും 586 മില്യണ്‍ ഡോളറിന്റെ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സും ഇന്ത്യ കയറ്റുമതി ചെയ്തു.
അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളി. ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് സാധനങ്ങൾ, ഐടി സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ളവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഈ വർഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 14045 മില്യണ്‍ ഡോളറിന്റെ വസ്തുക്കളാണ്.
യു എ ഇയാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന കയറ്റുമതി പങ്കാളി. രത്നങ്ങൾ, തുണിത്തരങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ 5566 മില്യണ്‍ ഡോളറിന്റെ വസ്തുക്കളാണ് ഇന്ത്യ യു എ ഇയിലേക്ക് കയറ്റുമതി ചെയ്തത്.
നെതർലന്‍ഡ്, യുകെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. യൂറോപ്പിലേക്കുള്ള കവാടമായി പ്രവർത്തിക്കുന്ന നെതർലാൻഡ്‌സ് ഇന്ത്യയുടെ ഒരു പ്രധാന കയറ്റുമതി പങ്കാളിയായി ദീർഘകാലമായി നിലകൊള്ളുന്നു. പെട്രോളിയം മെഷിനറികൾ, ഫാർമസ്യൂട്ടിക്കൽസ്, മെഷിനറികൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍.
ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, മെഷിനറികൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവ യുകെയും വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നു. വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിലും, ഇരുമ്പയിര്, പരുത്തി നൂൽ, ഓർഗാനിക് കെമിക്കൽസ്, പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രധാനപ്പെട്ട ഒരു വിപണിയായി നിലകൊള്ളുന്നത് ചൈനയാണ്.
സുപ്രധാനമായ തെക്കുകിഴക്കൻ ഏഷ്യൻ പങ്കാളി എന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ള സിംഗപ്പൂരിൻ്റെ ഇറക്കുമതി പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങൾ, യന്ത്രങ്ങൾ, വിലയേറിയ വജ്രങ്ങള്‍, ജൈവ രാസവസ്തുക്കൾ എന്നിവയാണ്. തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യ സൗദി അറേബ്യയിലേക്കും വിവിധ ചരക്കുകൾ കയറ്റുമതി ചെയ്യുന്നു.












Click it and Unblock the Notifications