രാജ്യത്തിന്റെ ജിഡിപിയില്‍ വളര്‍ച്ച; നാലാം പാദത്തില്‍ വളര്‍ച്ചാനിരക്ക് 7.8%, ആകെ 8.2%
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി രാജ്യത്തിന്റെ ജിഡിപിയില്‍ വളര്‍ച്ച. 2023-24 വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് 8.2% ആയി ഉയര്‍ന്നു. നാലാം പാദത്തില്‍ 7.8% വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 7% ആയിരുന്നു. മിക്ക സാമ്പത്തിക വിദഗ്ധരും പ്രവചിച്ചതിനേക്കാള്‍ മികച്ചതാണ് ഇത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജിഡിപി വളര്‍ച്ച 6.1% ആയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപിയില്‍ 6.9% വളര്‍ച്ച റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നു.

അതേസമയം നാലാം പാദത്തിലെ വളര്‍ച്ച ഡിസംബര്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.2 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. ദേശീയ അക്കൗണ്ടുകളുടെ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റില്‍ എന്‍എസ്ഒ 2023-24ല്‍ രാജ്യത്തിന്റെ വളര്‍ച്ച 7.7 ശതമാനമായി കണക്കാക്കിയിരുന്നു.
2024 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ചൈന 5.3 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വര്‍ധിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവുകളും ശക്തമായ നഗര ഡിമാന്‍ഡും ആഗോള പിരിമുറുക്കങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ചാലകങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും പുതിയ ജിഡിപി കണക്കുകള്‍ പുറത്തുവന്നത്. ഇത് നിലവിലെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തേജനമാണ്. 2023-24 ലെ നാലാം പാദ ജിഡിപി വളര്‍ച്ചാ ഡാറ്റ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ ശക്തമായ സ്വാധീനം കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'നമ്മുടെ രാജ്യത്തെ കഠിനാധ്വാനികളായ ജനങ്ങള്‍ക്ക് നന്ദി. 2023-24 വര്‍ഷത്തെ 8.2 ശതമാനം വളര്‍ച്ച ആഗോളതലത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നു എന്നതിന് ഉദാഹരണമാണ്. ഞാന്‍ പറഞ്ഞതുപോലെ, ഇത് വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ട്രെയിലര്‍ മാത്രമാണ്,'' മോദി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications