ടിക് ടോക്ക് പ്രതീക്ഷ വേണ്ട: ചൈനീസ് ആപ്പിന്റെ നിരോധനം നീക്കിയിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങള്‍
ന്യൂഡൽഹി: ടിക്‌ടോക്കിന്റെ നിരോധനം നീക്കിയെന്ന പ്രചരണത്തില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ വൃത്തങ്ങള്‍. ചൈനീസ് ആപ്പിന്റെ നിരോധനം ഇന്ത്യയിൽ ഇപ്പോഴും തുടരുകയാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നിരോധനം നീക്കിയെന്ന പ്രചരണത്തിനൊപ്പം തന്നെ ചില ഉപയോക്താക്കൾക്ക് ഇന്ത്യയില്‍ നിന്നും ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, "ടിക്‌ടോക്കിന്റെ നിരോധനം നീക്കാൻ ഇന്ത്യാ ഗവൺമെന്റ് ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. അത്തരം വാർത്തകൾ തെറ്റും തെറ്റിദ്ധാരണാജനകവുമാണ്," ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞെു എന്നത് ശരിയാണെങ്കിലും, ലോഗിൻ ചെയ്യാനോ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ കാണാനോ സാധിച്ചില്ല. ആപ്പ് ഇന്ത്യയില്‍ നിന്നും പ്ലേ സ്റ്റോർ അടക്കമുള്ള ആപ്പ് സ്റ്റോറുകളിലും ലഭ്യമല്ല. ഇന്റർനെറ്റ് സേവന ദാതാക്കൾ വഴി വെബ്‌സൈറ്റി് ഏർപ്പെടുത്തിയ നിരോധനം തുടരുകയാണെന്ന് ടെലികോം വകുപ്പിലെ വൃത്തങ്ങളും വ്യക്തമാക്കി. എന്നിട്ടും ചിലർക്ക് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞത് എങ്ങനെയെന്ന് വ്യക്തമല്ല.

ടിക് ടോപ്പിനൊപ്പം തന്നെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ അലി എക്സ്‌പ്രസും ചില ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. എന്നാൽ, ഇപ്പോൾ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരു രാജ്യങ്ങളും നടത്തുന്നുണ്ട്.
"സുസ്ഥിരവും സഹകരണപരവും ഭാവിമുഖവുമായ" ബന്ധത്തിനായി, അതിർത്തിയിൽ സമാധാനം നിലനിർത്തൽ, അതിർത്തി വ്യാപാരം പുനരാരംഭിക്കൽ, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കൽ, നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന നടപടികൾ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ടിയാൻജിനിലേക്ക് പോകുകയും ചെയ്യും.
2020 ജൂൺ 15-ന് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്നായിരുന്നു ടിക്‌ടോക്കും അലി എക്സ്‌പ്രസും ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യാ ഗവൺമെന്റ് നിരോധിച്ചത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുകയും സ്പൈവെയർ അല്ലെങ്കിൽ മാൽവെയർ ആയി ഉപയോഗിക്കപ്പെടുകയും ചെയ്തുവെന്നാണ് അന്ന് ഗവൺമെന്റ് വൃത്തങ്ങൾ വ്യക്തമാക്കിയത്.












Click it and Unblock the Notifications