ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഷൂട്ടിങ് സെറ്റ്: ചിലവ് 50 കോടി: വാരണാസി പുനസൃഷ്ടിച്ചത് ഈ ചിത്രത്തിന് വേണ്ടി
പ്രഭാസ് നായകനായ ബാഹുബലി എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ദൃശ്യമികവ് ഇപ്പോഴും അത്ഭുതത്തോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. 2015 ല്‍ ഇറങ്ങിയ ബാഹുബലി തിയറ്ററില്‍ സമ്മാനിച്ച ദൃശ്യവിരുന്ന് പ്രേക്ഷകര്‍ ഇപ്പോഴും മറക്കാനിടയില്ല. ബോളിവുഡിനേക്കാള്‍ മികവില്‍ ഇതിഹാസ ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മികവിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്തു.
ബാഹുബലിക്ക് ശേഷം ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രവും ദൃശ്യ വിസ്മയങ്ങളുടെ ഒരു പൂരക്കാഴ്ചയാണ് പ്രേക്ഷകന് സമ്മാനിച്ചത്. ബാഹുബലിയേക്കാള്‍ മികവുറ്റ ഗ്രാഫിക്‌സും ലൊക്കേഷന്‍ സെറ്റുകളുമായായിരുന്നു ആര്‍ആര്‍ആറിന്റേത്.

ഇത്തരം ഇതിഹാസ ഫാന്റസി ചിത്രങ്ങള്‍ക്കായി എത്ര തുക മുടക്കാനും മടിയില്ലാത്ത നിര്‍മ്മാതാക്കളാണ് ഇന്നുള്ളത്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാഹുബലിയെയും ആര്‍ആര്‍ആറിനെയുമൊക്കെ ബഹുദൂരം പിന്നിലാക്കുന്ന ഒരു സിനിമയുടെ വിശേഷങ്ങള്‍ ആണ് പുറത്തുവരുന്നത്.
ബാഹുബലി, രാമായണം, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകള്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അതിനെയെല്ലാം പിന്നിലാക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങളാണ് പുറത്തു വരുന്നത്. 50 കോടിയോളം രൂപ ചെലവിട്ടാണ് ഈ ബ്രഹ്‌മാണ്ഡ സിനിമയുടെ സെറ്റ് നിര്‍മിച്ചിരിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഷൂട്ടിങ് സെറ്റ്.
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ എസ്എസ്എംബി29 എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ കൂറ്റന്‍ സെറ്റ് നിര്‍മ്മിക്കുന്നത്. ഹൈദരാബാദില്‍ 50 കോടിയോളം രൂപ ചെലവിട്ട് വാരണാസി അതേപടി പുനര്‍ നിര്‍മ്മിച്ചിരിക്കുകയാണ്. വിഎഫ്എക്‌സ് അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉണ്ടെങ്കില്‍ പോലും സിനിമയ്ക്ക് ആധികാരികത തോന്നാനാണ് ഇത്രയും കോടികള്‍ ചെലവിട്ട് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് മഹേഷ് ബാബുവും ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയുമാണ്. ഈ ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ പൗരാണിക നഗരമായ വാരണാസിയിലാണ് നടക്കുന്നത്. എന്നാല്‍ വാരണാസിയില്‍ സുഗമമായ ചിത്രീകരണം നടക്കാത്തതിനാല്‍ ഹൈദരാബാദില്‍ വാരണാസി അതേപടി പുനസൃഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍ അടക്കമുള്ള പുരാതന നിര്‍മിതികള്‍ ഒക്കെ അതേ മിഴിവോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ചോര്‍ന്ന ചില ചിത്രങ്ങള്‍ ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഈ സെറ്റിനായി മുടക്കിയിരിക്കുന്നത്. ബാഹുബലി, ഹീരമാണ്ടി, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകള്‍ക്ക് 15 മുതല്‍ 20 കോടി രൂപ വരെയാണ് ചെലവഴിച്ചത്.












Click it and Unblock the Notifications