സൗദിയോടും യുഎഇയോടുമൊക്കെ പോകാന്‍ പറയുമോ ഇന്ത്യ: ക്രൂഡ് ഓയില്‍ പര്യവേക്ഷണത്തിന് പുതു നീക്കം, നിയമം മാറും
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആവശ്യമായത്തിന്റെ 85 ശതമാനത്തോളം ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയിലിനെ ബാധിക്കുന്ന ഏതൊരു പ്രതിസന്ധിയും ഇന്ത്യക്ക് മുന്നിലും ആശങ്കകള്‍ സൃഷിടിക്കുന്നു. പശ്ചിമേഷ്യലെ സംഘർഷങ്ങള്‍ തന്നെയാണ് ഇതിന് ഏറ്റവും വില ഉദാഹരണം.
സ്വന്തമായി ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ടെങ്കിലും ആവശ്യമായതിന്റെ 15 ശതമാനത്തോളം മാത്രമാണ് ഇതുവരെ ഉത്പാദിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ സമീപ കാലയളവില്‍ തന്നെ ഇത് 20 ശതമാനമാക്കി ഉയർത്താനുള്ള നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനായി പുതിയ നിയമനിർമ്മാണത്തിന് തന്നെ തയ്യാറാവുകയാണ് കേന്ദ്രം.

നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയ ഓഫ്ഷോർ എണ്ണ നിക്ഷേപങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള നിക്ഷേപം എളുപ്പത്തിലാക്കുന്നതിനുള്ള നിയമനിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ നിയമം പാസാക്കുമെന്നാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞത്.
നിലവിലെ നയങ്ങൾ ഏതൊക്കെ രീതിയില്‍ മാറ്റാം എന്നതിനെക്കുറിച്ച് പ്രമുഖ എണ്ണ പര്യവേക്ഷണ കമ്പനികളിൽ നിന്നുള്ള അഭിപ്രായങ്ങള്‍ കേന്ദ്ര സർക്കാർ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കേന്ദ്രം നടപ്പിലക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പാർലമെന്റ് സമ്മേളനത്തില്‍ തന്നെ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കുകയും പിന്നീട് നിയമമായി മാറുകയും ചെയ്യും. രാജ്യത്തെ എണ്ണപ്പാടങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള 1948ലെ ഓയിൽഫീൽഡ്സ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്) നിയമത്തിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് പുരി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഫിനാൻഷ്യൽ ടൈംസ് കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നിരോധിത മേഖലകളായി (no-go zones) തരംതിരിച്ച എണ്ണ പര്യവേക്ഷണ മേഖലകളെക്കുറിച്ചാണ് കേന്ദ്ര മന്ത്രി പ്രധാനമായും സംസാരിച്ചത്. എണ്ണയ്ക്കായി ഇത്തരം പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാൻ കമ്പനികൾ അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സർക്കാർ നിലവിലെ നിയമത്തിലെ മാറ്റത്തിന് തയ്യാറാകുന്നത്.
"മുമ്പ് നിരോധിത മേഖലകളായിരുന്ന 1 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഈ സർക്കാർ ക്ലിയർ ചെയ്തു. നോ-ഗോ ഏരിയ എന്ന് പറഞ്ഞാൽ, ഒന്നുകിൽ നാവികസേനയ്ക്ക് അവിടെ പ്രശ്‌നമുണ്ടായിരുന്നു അല്ലെങ്കിൽ കോസ്റ്റ് ഗാർഡിന് പ്രശ്‌നമുണ്ടായിരുന്നു അല്ലെങ്കിൽ ഡി ആർ ഡി ഒയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. എല്ലാവരും പറഞ്ഞു ഇവിടെ അനുവദനീയം അല്ലെന്ന്. എന്നാല്‍ ആഭ്യന്തരമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അത്തരം മേഖലകൾ പര്യവേക്ഷണത്തിനായി തുറക്കാൻ സർക്കാർ തീരുമാനിച്ചു." പുരി പറഞ്ഞു.
ഇന്ത്യക്ക് സ്വന്തമായി കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ അത് മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് സ്വാഭാവികമായും കുറയ്ക്കും. അതായത് സൗദിയേയും ഇറാഖിനേയും റഷ്യയേയുമൊക്കെ ഇന്ത്യക്ക് ക്രൂഡ് ഓയിലിനായി ആശ്രയിക്കേണ്ടി വരില്ല. എന്നാല്‍ അടുത്ത കാലത്തൊന്നും അത് സാധ്യമാകില്ലെന്നതാണ് യാഥാർത്ഥ്യം.












Click it and Unblock the Notifications