'വിസ്മയകരമായ ധീരഹൃദയരുടെ വീരഗാഥ': കാർഗില്‍ പോരാളികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയ് ദിവസ്, ഭാരതത്തിലെ ആ വിസ്മയകരമായ ധീരഹൃദയരുടെ വീരഗാഥയാണ് മുന്നിൽ കൊണ്ടുവരുന്നതെന്നും, അവർ എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"കാർഗിൽ വിജയ് ദിവസ്, ഇന്ത്യയിലെ ആ അത്ഭുതകരമായ ധീരഹൃദയരുടെ വീരഗാഥയെ മുന്നിൽ കൊണ്ടുവരുന്നു, അവർ എന്നും രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കും. ഈ പ്രത്യേക ദിനത്തിൽ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ അവരെ വണങ്ങുന്നു . ഇന്ത്യ നീണാൾ വാഴട്ടെ!"- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, 24-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷത്തോട് അനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച കാർഗിൽ ജില്ലയിലെ ദ്രാസിൽ എത്തി. അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിരോധ മന്ത്രി കാർഗിലില്‍ വീരമൃത്യു വരിച്ച ധീരഹൃദയരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കാർഗിൽ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
'മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി എല്ലാം ത്യജിച്ച ധീരരായ പോരാളികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രത്തിന് ഒന്നാം സ്ഥാനം നൽകുകയും അതിനായി ജീവൻ ബലിയർപ്പിക്കാനും മടിക്കാത്ത ധീരരായ പോരാളികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു' രാജ്നാഥ് സിംഗ് പറഞ്ഞു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാനും കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്നതിനായി ജുലൈ 26 നാണ് കാർഗിൽ വിജയ് ദിവസം ആചരിക്കുന്നത്. 1999 മെയ് മുതൽ ജുലൈ വരെ പാകിസ്ഥാനെതിരായി നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. അയ്യായിരത്തോളം പാക് സൈനികരും ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്.
അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിൽ അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിച്ച അവസരം നോക്കിയായിരുന്നു പാക്കിസ്ഥാൻ പട്ടാളക്കാർ അതിർത്തി കടന്നത്. ഓപ്പറേഷൻ ബദർ എന്ന പേരിലായിരുന്നു പാകിസ്ഥാന്റെ രാഷ്ട്രീയ നീക്കം. ഇന്ത്യന്‍ സൈന്യം ഇതിനെ ശക്തമായി പ്രതിരോധിക്കുകയും 77 ദിവസത്തിന് ശേഷം ഇന്ത്യ വിജയിക്കുകയുമായിരുന്നു. 1999 ജുലൈ 26 ന് ഇന്ത്യ യുദ്ധത്തിൽ വിജയിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു.












Click it and Unblock the Notifications