യാത്ര ഇന്‍ഡിഗോ വിമാനത്തിലാണോ? നിരക്കുകള്‍ കൂട്ടി, കുട്ടികള്‍ക്ക് 3000 രൂപ, പുതിയ മാറ്റം അറിയാം
ആഭ്യന്തര യാത്രയ്ക്ക് കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിമാനമാണ് ഇന്‍ഡിഗോ. കുറഞ്ഞ ചെലവില്‍ യാത്ര എന്ന ഖ്യാതിയോടെ തുടങ്ങിയ സര്‍വീസ് ഇപ്പോള്‍ ചെലവ് കൂട്ടുകയാണ്. ബാഗേജ്, കൈക്കുഞ്ഞുങ്ങളുടെ നിരക്ക് എന്നിവയില്‍ ഉള്‍പ്പെടെ വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി. കൈകുഞ്ഞുങ്ങളുടെ യാത്രാ നിരക്ക് 3000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇതുവരെ 2000 രൂപയായിരുന്നു.
പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞതു മുതല്‍ രണ്ടു വയസുവരെയാണ് കൈകുഞ്ഞ് എന്ന ഗണത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഇവര്‍ക്ക് പ്രത്യേകം സീറ്റ് അനുവദിക്കില്ല എങ്കിലും ടിക്കറ്റ് എടുക്കേണ്ടതുണ്ട്. പുതിയ നിരക്ക് വര്‍ധനവ് വഴി 90 കോടി രൂപയുടെ അധിക വരുമാനമാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ബാഗേജ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.

അനുവദിച്ച ലഗേജിന് പുറമെ അധികമായി കൊണ്ടുവരുന്ന ഓരോ കിലോയ്ക്കും 100 രൂപ കൂട്ടി. അതായത്, ഇനി അധികമായി കൊണ്ടുവരുന്ന ഓരോ കിലോയ്ക്കും 800 രൂപയാണ് ചാര്‍ജ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് യാത്രാ നിരക്കില്‍ 999 രൂപ വര്‍ധിപ്പിച്ചു. അതായത്, ഇതുവരെ 5000 രൂപയായിരുന്നു. ഇനി മുതല്‍ 5999 രൂപയാകും. 12 വയസുവരെയുള്ള കുട്ടികളെയാണ് ഈ നിരക്കില്‍ പരിഗണിക്കുക. ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് 200 രൂപയില്‍ നിന്ന് 300 രൂപയാക്കി ഉയര്‍ത്തി.
രാജ്യത്തെ എല്ലാ വിമാനങ്ങളും ഫ്‌ളക്‌സി ചാര്‍ജാണ് ഈടാക്കുന്നത്. തിരക്കേറുന്ന വേളകളില്‍ ഉയര്‍ന്ന നിരക്കായിരിക്കും. പ്രത്യേകിച്ച് ഓണം, വിഷു, പെരുന്നാള്‍, ക്രിസ്മസ്, സ്‌കൂള്‍ അവധികാലം തുടങ്ങിയ വേളയിലെല്ലാം നിരക്ക് കൂടും. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം വിമാന ഇന്ധന വില കൂടിയെന്നും കടുത്ത പ്രതിസന്ധി നേരിടുന്നു എന്നും പല വിമാന കമ്പനികളും പരിതപിക്കുന്ന വേളയിലാണ് ഇന്‍ഡിഗോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
പ്രയോരിറ്റി ലഗേജ് ചെക്ക് ഇന്‍ ചെയ്യുന്നതിന് ഇതുവരെ 450 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ 650 രൂപയാക്കി. യാത്ര പുറപ്പെടുന്നതിന് മുമ്പ്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. യാത്രാ ബജറ്റ് താളംതെറ്റിക്കുന്ന മാറ്റങ്ങളാണ് ഇന്‍ഡിഗോ കൊണ്ടുവന്നിരിക്കുന്നത്. എല്ലാ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇന്‍ഡിഗോയിലെ മാറ്റങ്ങള്‍. വിമാന യാത്ര ചെലവേറിയതാകുമെന്ന് ചുരുക്കം.


Click it and Unblock the Notifications
