യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ വന്‍തോതില്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് വലഞ്ഞത്. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവും ഇടപെട്ടിരുന്നു. പ്രതിസന്ധി ഏകദേശം 3,64,000 യാത്രക്കാരെയാണ് ബാധിച്ചതെന്ന് കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.
യാത്രക്കാര്‍ക്കുണ്ടായ പ്രതിസന്ധിക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കേന്ദ്രം വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ട യാത്രക്കാര്‍ക്ക് വിമാനക്കമ്പനി 163.92 കോടി രൂപയുടെ യാത്രാ കൂപ്പണുകള്‍ വിതരണം ചെയ്തതായി വ്യോമയാന മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ മാസത്തിന്റെ ആദ്യവാരത്തിലാണ് ഇന്ത്യയൊട്ടാകെ ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടത്. ഇന്നലെ രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മന്ത്രി ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. പൈലറ്റുമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലെ അപാകത മൂലമായിരുന്നു അന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്. ആവശ്യത്തിന് പൈലറ്റുമാര്‍ ഇല്ലാതെയും മതിയായ മുന്‍കരുതലുകളോ ആസൂത്രണമോ ഇല്ലാതെയും പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതില്‍ ടിക്കറ്റ് രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയവര്‍ക്കായി ഇതിനോടകം 43.81 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമെ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് ഓരോരുത്തര്‍ക്കും 10,000 രൂപയുടെ അധിക യാത്രാ കൂപ്പണുകളും നല്‍കിയിരുന്നു. ഇത്തരത്തില്‍ വിതരണം ചെയ്ത കൂപ്പണുകളുടെ ആകെ തുകയാണ് 163.92 കോടി രൂപ. ഡിസംബറില്‍ യാത്ര ചെയ്യാനിരുന്ന രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് ഇനിയും ഈ ആനുകൂല്യം ലഭ്യമാക്കുമെന്നും മന്ത്രാലയം ഇക്കാര്യം സജീവമായി പിന്തുടരുന്നുണ്ടെന്നും മന്ത്രിസഭയില്‍ അറിയിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്‍ഡിഗോ 246 പുതിയ പൈലറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുസ്ഥിരമാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് വിമാനക്കമ്പനികളുമായി മന്ത്രാലയം ദൈനംദിന ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉറപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications