Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോയില്‍ 1000 പൈലറ്റുമാരെ നിയമിക്കുന്നു; പ്രതിസന്ധി മറികടക്കാന്‍ സുപ്രധാന ചുവടുവയ്പ്പ്: ശമ്പളം ഇങ്ങനെ

ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സമീപകാലത്ത് കടന്നുപോയത്. ഡിസംബര്‍ ആദ്യം വിവിധ കാരണങ്ങളാല്‍ ആയിരത്തിലേറെ വിമാന സര്‍വീസുകളാണ് കൂട്ടത്തോടെ റദ്ദാക്കിയത്. ഇതുമൂലം ലക്ഷക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. പ്രതിസന്ധിയുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് പൈലറ്റുമാരുടെ ക്ഷാമമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനായി ചരിത്രപരമായ ചുവടുവയ്പ്പാണ് ഇന്‍ഡിഗോ നടത്തുന്നത്. 1,000-ത്തിലധികം പൈലറ്റുമാരെ നിയമിക്കാനാണ് വിമാനക്കമ്പനിയുടെ നീക്കം. ദി ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ഇന്ത്യന്‍ വിമാനക്കമ്പനി നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പൈലറ്റുമാരുടെ കുറവ് മൂലം ഏഴ് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് ഇന്‍ഡിഗോ കമ്പനിയുടെ അടിയന്തര നടപടി.

indigo

അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന് ശേഷം സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പൈലറ്റുമാരുടെ വിശ്രമവും ഡ്യൂട്ടി സമയവും സംബന്ധിച്ച് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതു നടപ്പാക്കിയതോടെയാണ് പൈലറ്റുമാരുടെ വലിയ തോതിലുള്ള ക്ഷാമം നേരിട്ടു തുടങ്ങിയത്.

പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള ലാന്‍ഡിങ്ങുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. ഇതുകൂടാതെ ആഴ്ചതോറുമുള്ള വിശ്രമ സമയം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ മാറ്റങ്ങള്‍ക്കനുസൃതമായി പൈലറ്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ട്രെയിനി ഫസ്റ്റ് ഓഫീസര്‍മാര്‍, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാര്‍, ക്യാപ്റ്റന്‍മാര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഇന്‍ഡിഗോയുടെ പ്രധാന വിമാനമായ എയര്‍ബസ് എ320 പ്രവര്‍ത്തിപ്പിച്ച് മുന്‍പരിചയമില്ലാത്ത പൈലറ്റുമാരെയും പരിഗണിക്കാന്‍ കമ്പനി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

നിലവില്‍ ഓരോ മാസവും ശരാശരി നാല് പുതിയ വിമാനങ്ങള്‍ വീതം ഇന്‍ഡിഗോ തങ്ങളുടെ കമ്പനിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സര്‍വീസുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ പൈലറ്റുമാരുടെ വലിയൊരു നിര തന്നെ അത്യാവശ്യമാണെന്ന് കമ്പനി വക്താക്കള്‍ സൂചിപ്പിക്കുന്നു. വിമാന സര്‍വീസുകളുടെ ആവശ്യകത കണക്കിലെടുക്കുമ്പോള്‍ ഡിജിസിഎ നിര്‍ദേശിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം പൈലറ്റുമാരെ ഇന്‍ഡിഗോയ്ക്ക് ആവശ്യമാണ്.

വിമാന സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ സ്റ്റാന്‍ഡ്ബൈ ക്രൂവിന്റെ എണ്ണം 15 ശതമാനമായി കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. ഡിസംബറിലെ പ്രതിസന്ധി സമയത്ത് കമ്പനിക്ക് ആവശ്യമായ ക്യാപ്റ്റന്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. പുതിയ നിയമനങ്ങളിലൂടെയും പരിശീലന പദ്ധതികളിലൂടെയും ഭാവിയില്‍ ഇത്തരം തടസങ്ങള്‍ ഒഴിവാക്കി സുഗമമായ വിമാന സര്‍വീസ് ഉറപ്പാക്കാമെന്നാണ് ഇന്‍ഡിഗോ പ്രതീക്ഷിക്കുന്നത്.

ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടില്ലെങ്കിലും, ഒന്നര ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് ശമ്പളം. സീനിയോറിറ്റിയും അനുഭവപരിചയവും കൂടുന്നതിനനുസരിച്ചാണ് ശമ്പളം ഉയരുന്നത്. ട്രെയിനി ഫസ്റ്റ് ഓഫീസര്‍, ഫസ്റ്റ് ഓഫീസര്‍, ക്യാപ്റ്റന്‍ എന്നിങ്ങനെയാണ് പൈലറ്റുമാരുടെ തസ്തികകള്‍. ഇതുകൂടാതെ പൈലറ്റുമാര്‍ക്ക് പറക്കുന്ന ഓരോ മണിക്കൂറിനും പ്രത്യേകമായ ഫ്‌ളയിങ് അലവന്‍സ്, താമസ സൗകര്യങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+