ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കുറയ്ക്കും; സാധാരണ നിലയിലാകാന്‍ ഫെബ്രുവരി 10 വരെ കാത്തിരിക്കണം
ന്യൂഡല്‍ഹി: യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. ഇന്നും രാജ്യത്തുടനീളം നൂറിലേറെ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, കൊച്ചി തുടങ്ങി പ്രധാന വിമാനത്താവളങ്ങളില്‍ എല്ലാം സര്‍വീസുകള്‍ താളം തെറ്റിയതോടെ അവധിക്ക് നാട്ടിലേക്കു വരാനിരിക്കുന്ന പ്രവാസികളും വലിയ ആശങ്കയിലാണ്.
അതിനിടെ, വിമാന യാത്രക്കാര്‍ക്ക് അത്ര സന്തോഷകരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിമാന സര്‍വീസുകള്‍ താളം തെറ്റുന്നത് തുടരുന്നതോടെ വിമാന സര്‍വീസുകള്‍ കുറയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചിരിക്കുകയാണ്. ഡിസംബര്‍ എട്ടു മുതല്‍ സര്‍വീസുകള്‍ കുറയ്ക്കാന്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 10 ആകുമ്പോഴേക്കും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.

നവംബര്‍ അവസാനം മുതല്‍ വിമാനത്താവളങ്ങളെ ബാധിച്ച പ്രതിസന്ധി വിലയിരുത്താന്‍ ഡിജിസിഎ ഡയറക്ടര്‍ ജനറലും ഇന്‍ഡിഗോയുടെ മുതിര്‍ന്ന നേതൃത്വവും ഉന്നതതല യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. രണ്ട് ദിവസം കൊണ്ട് രാജ്യത്തുടനീളം 500 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച്ച നടന്നത്. യോഗത്തില്‍ പ്രതിസന്ധി എങ്ങനെയാണ് ഉണ്ടായത് ഇന്‍ഡിഗോ അധികൃതര്‍ ഡിജിസിഎയോട് വിശദീകരിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച പുതിയ ചട്ടങ്ങളും പ്രതികൂല കാലാവസ്ഥയും ഒരേസമയം വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇന്‍ഡിഗോ വിശദീകരിക്കുന്നത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ തക്കവിധമുള്ള ക്രൂ തങ്ങള്‍ക്കില്ലെന്നാണ് എയര്‍ലൈന്‍ പറയുന്നത്.
പുതിയ നിയമപ്രകാരം പൈലറ്റുമാര്‍ക്ക് ആഴ്ചയില്‍ നിര്‍ബന്ധിത വിശ്രമം 12 മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് 48 മണിക്കൂറായി ഉയര്‍ത്തി. ഇതിനൊപ്പം പ്രതികൂല കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ വിമാന സര്‍വീസ് റദ്ദാക്കലുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചു. ഡിസംബര്‍ മൂന്നിന് 200-ലധികം വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍ ഡിസംബര്‍ 4-ന് 300-ലധികം വിമാനങ്ങളാണ് തടസപ്പെട്ടത്.
രാജ്യവ്യാപകമായി എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാരുടെ ശേഷി അടിയന്തിരമായി വര്‍ദ്ധിപ്പിക്കാനും യാത്രക്കാരെ പിന്തുണയ്ക്കുന്ന സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഡിജിസിഎ ഇന്‍ഡിഗോയോട് നിര്‍ദ്ദേശിച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കാതെ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാനാണ് ഡിജിസിഎയുടെ നിര്‍ദേശം.












Click it and Unblock the Notifications