indigo: ഇന്ത്യയിലെ ഈ രണ്ട് നഗരങ്ങളില്‍നിന്ന് ഗ്രീസിലേക്ക് നേരിട്ട് പറക്കാം; പുതിയ സര്‍വീസുകളുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന സര്‍വീസുമായി ഇന്‍ഡിഗോ. ഇന്ത്യയില്‍ നിന്ന് ഗ്രീസിന്റെ തലസ്ഥാന നഗരമായ ഏഥന്‍സിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. രണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കോഡ്ഷെയര്‍ പങ്കാളിത്തത്തിലൂടെ ഗ്രീസിനെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ ആരംഭിച്ചത്.
വിനോദ സഞ്ചാരികള്‍ക്കും യൂറോപ്പിലേക്ക് ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കുമാണ് ഈ സര്‍വീസുകള്‍ കൂടുതല്‍ പ്രയോജനപ്പെടുക. രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളായ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമാണ് ഗ്രീസലേക്കു നേരിട്ട് സര്‍വീസുകള്‍ ഉള്ളത്.
മുംബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ കഴിഞ്ഞ ദിവസവും (ജനുവരി 23) ഡല്‍ഹിയില്‍ നിന്നുള്ളവ ഇന്നും (ജനുവരി 24) ആരംഭിച്ചു. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ റൂട്ടുകളില്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഗ്രീസിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ഇന്‍ഡിഗോ.

ഗ്രീസിലെ പ്രമുഖ എയര്‍ലൈനായ എജിയന്‍ എയര്‍ലൈന്‍സുമായുള്ള കോഡ്ഷെയര്‍ പങ്കാളിത്തത്തിലൂടെയാണ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ഇതോടെ ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ തുടങ്ങി പത്തിലധികം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ തുടര്‍ച്ചയായ യാത്രകള്‍ സാധ്യമാകും.
ദീര്‍ഘദൂര യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അത്യാധുനിക എയര്‍ബസ് എ321 എക്‌സ്എല്‍ആര്‍ വിമാനമാണ് ഈ സര്‍വീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്നതിനായി ഇന്‍ഡിഗോസ്‌ട്രെച്ച്, ഇക്കണോമി എന്നിങ്ങനെ രണ്ട് ക്ലാസുകള്‍ വിമാനത്തിലുണ്ടാകും. ഇക്കണോമി ക്യാബിനില്‍ 183 സീറ്റുകളുണ്ട്.
ഇന്‍ഡിഗോസ്‌ട്രെച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യമുള്ള സീറ്റുകളും മുന്‍ഗണനാ സേവനങ്ങളും സൗജന്യ പാനീയങ്ങളും ലഭിക്കും. ഇതുകൂടാതെ എല്ലാ യാത്രക്കാര്‍ക്കും ചൂടുള്ള ഭക്ഷണവും സ്വന്തം ഉപകരണങ്ങളില്‍ വിനോദ പരിപാടികള്‍ ആസ്വദിക്കാനുള്ള ഡിജിറ്റല്‍ സംവിധാനവും വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. സസ്യാഹാരം വേണ്ട യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
ഏഥന്‍സിലെ ചരിത്ര സ്മാരകങ്ങളും സാന്റോറിനി, മൈക്കോണോസ് തുടങ്ങിയ മനോഹരമായ ദ്വീപുകളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ഈ പുതിയ വ്യോമപാത വലിയൊരു അനുഗ്രഹമാണ്. ഇന്ത്യയെ ഒരു ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ പുതിയ റൂട്ടിലൂടെ വ്യക്തമാകുന്നതെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പറഞ്ഞു.
കോഡ്ഷെയര്‍ പങ്കാളിത്തം
കോഡ്ഷെയര്‍ പങ്കാളിത്തത്തിലൂടെ ഇന്‍ഡിഗോയ്ക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്ത യൂറോപ്യന്‍ നഗരങ്ങളിലേക്ക് പോകാന്‍ ഇന്‍ഡിഗോയുടെ ടിക്കറ്റ് തന്നെ എടുക്കാം. അതേസമയം, യാത്ര എജിയന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരിക്കും. ടിക്കറ്റില്‍ ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് നമ്പറും കോഡും തന്നെയാകും ഉണ്ടാവുക. യാത്രക്കാര്‍ക്ക് ഇതുകൊണ്ടുള്ള പ്രധാന ഗുണം ഒറ്റ ടിക്കറ്റില്‍ തന്നെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു സുഗമമായി യാത്ര ചെയ്യാം എന്നതാണ്. ലഗേജ് ഓരോ വിമാനത്താവളത്തിലും ഇറക്കി വീണ്ടും ചെക്ക്-ഇന്‍ ചെയ്യേണ്ട ബുദ്ധിമുട്ടില്ല.












Click it and Unblock the Notifications