ഇൻഡിഗോ വിമാനങ്ങൾ ഇന്നും തടസപ്പെട്ടു; എയർപോർട്ടിൽ യാത്രക്കാരുടെ പ്രതിഷേധം..അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
തുടർച്ചയായ മൂന്നാം ദിവസവും ഇൻഡിഗോ സർവീസുകൾ തടസപ്പെട്ടു. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുള്ള നൂറിലധികം സർവ്വീസുകളാണ് തടസപ്പെട്ടത്. ഡൽഹിയിൽ നിന്ന് മാത്രം മുപ്പതിലധികം വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. ഹൈദരാബാദിൽ നിന്ന് 33 ഉം ബെംഗളൂരുവിൽ നിന്ന് 73 സർവ്വീസുകളും റദ്ദാക്കി.ബുധനാഴ്ച ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മാത്രം ഏകദേശം 200 വിമാനങ്ങളാണ് കൂട്ടായി റദ്ദാക്കിയത്.
സർവ്വീസുകൾ റദ്ദാക്കിയതോടെ നിരവധി പേരാണ് എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നത്. വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തുന്നത്. മണിക്കൂറുകളോളം എയർപോർട്ടിൽ കാത്തിരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും സർവ്വീസുകൾ സംബന്ധിച്ച് വ്യക്തമായ ഉത്തരം പോലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

അതേസമയം ജീവനക്കാരുടെ കുറവും പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളുമെല്ലാമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. 'ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാലത്തെ ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ വർദ്ധിച്ച തിരക്ക്, പുതിയ ക്രൂ റോസ്റ്ററിംഗ് നിയമങ്ങളുടെ (ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്) നടപ്പാക്കൽ എന്നിവയുൾപ്പെടെയുള്ള അപ്രതീക്ഷിത പ്രവർത്തന വെല്ലുവിളികളാണ് പ്രതികൂലമായി ബാധിച്ചത്," എയർലൈൻ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രവർത്തനങ്ങളിലെ തടസ്സം നിയന്ത്രിക്കാനും സ്ഥിരത പുനഃസ്ഥാപിക്കാനും ഷെഡ്യൂളുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.ഈ നടപടികൾ 48 മണിക്കൂർ കൂടി തുടരുമെന്നും കമ്പനി പത്രക്കുറിപ്പിൽ പറഞ്ഞു.
90 ആഭ്യന്തര സ്ഥലങ്ങളിലേക്കും 40 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും സേവനം നൽകുന്ന ഇൻഡിഗോയിലെ ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം ജീവനക്കാരുടെ പ്രത്യേകിച്ച് പൈലറ്റുമാരുടെ കടുത്ത ക്ഷാമമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിശ്രമ സമയവും മികച്ച ഷെഡ്യൂളുകളും നിർബന്ധമാക്കുന്ന പരിഷ്കരിച്ച ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) മാനദണ്ഡങ്ങൾ നവംബറിൽ നടപ്പാക്കിയതോടെയാണ് സ്ഥിതി വഷളായത്. അതേസമയം സർവ്വീസുകൾ വ്യാപകമായി തടസപ്പെട്ടതോടെ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇൻഡിഗോയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാനും പരിഹാര പദ്ധതി സമർപ്പിക്കാനും എയർലൈനിനോട് ഡിജിസിഎ ആവശ്യപ്പെട്ടു.
നവംബറിൽ ആകെ 1,232 വിമാനങ്ങളാണ് റദ്ദാക്കിയതെന്നും ഇതിൽ 755 വിമാനങ്ങൾ ജീവനക്കാരുടെ കുറവ് മൂലവും എഫ്ഡിടിഎൽ നിയമങ്ങൾ കാരണവുമാണ് റദ്ദാക്കിയതെന്നാണ് കമ്പനി ഡിജിസിഎക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നത്.. 258 വിമാനങ്ങൾ വിമാനത്താവള/വ്യോമപരിധി നിയന്ത്രണങ്ങൾ മൂലവും 92 വിമാനങ്ങൾ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ തകരാറ് മൂലവും 127 വിമാനങ്ങൾ മറ്റ് കാരണങ്ങൾ കൊണ്ടുമാണ് റദ്ദാക്കിയതെന്നും കമ്പനി വ്യകമാക്കിയതായി ഡിജിസിഎ അറിയിച്ചു.












Click it and Unblock the Notifications