ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ യാത്രക്കാരന് നല്‍കേണ്ടി വന്ന പിഴ 25000 രൂപ: കാരണം ഇതാണ്
ബെംഗളൂരു: പറയുമ്പോള്‍ ചെറിയൊരു കൈയ്യബദ്ധം; എന്നാല്‍ അബദ്ധം പറ്റിയത് വിമാനത്തിനുള്ളിലാണെങ്കിലോ? കാര്യത്തിന്റെ ഗൗരവം വര്‍ധിക്കും. ബാങ്കോക്കില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവത്തില്‍ വിമാനക്കമ്പനി നല്‍കേണ്ടി വന്ന പിഴ കേട്ടാല്‍ ഞെട്ടിപ്പോകും. 25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്.
2024 മാര്‍ച്ച് അഞ്ചിന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരനാണ് ഈ വേദനാജനകമായ അനുഭവം ഉണ്ടായത്. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം വിമാനത്തിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് യാത്രക്കാരന്റെ സീറ്റിന് മുകളിലെ കാബിന്‍ തുറന്നപ്പോള്‍ അതിനുള്ളില്‍ ഇരുന്ന ചൂടുള്ള നോണ്‍-വെജിറ്റേറിയന്‍ കറി പാക്കറ്റ് പൊട്ടി യാത്രക്കാരന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

സസ്യാഹാരിയാണ് യാത്രക്കാരന്‍. മറ്റൊരു യാത്രക്കാരന്റെ ഭക്ഷണ പാക്കറ്റാണ് വീണതെന്ന് സംശയിക്കുന്നു. ദേഹത്ത് നോണ്‍-വെജിറ്റേറിയന്‍ കറി വീണത് ഇദ്ദേഹത്തിന് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കി. കറി വീണതിനെത്തുടര്‍ന്ന് വസ്ത്രങ്ങളും ബാഗും വാച്ചും മൊബൈല്‍ ഫോണും കേടായതായും അദ്ദേഹം പരാതിയില്‍ ബോധിപ്പിച്ചു. യാത്രയിലുടനീളം വസ്ത്രം മാറാന്‍ കഴിയാത്തതിനാല്‍ വലിയ അപമാനം നേരിട്ടതായും ദുര്‍ഗന്ധം കാരണം എട്ടു മണിക്കൂറോളം തലവേദന അനുഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിമാനക്കമ്പനി ആദ്യം 5,000 രൂപയുടെ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോയത്. ബ്രാന്‍ഡഡ് ടി-ഷര്‍ട്ട്, ജീന്‍സ്, ജാക്കറ്റ്, ഷൂസ്, അടിവസ്ത്രങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാനാവാത്തവിധം കേടായി. എയര്‍ലൈന്‍ ഫോണിലൂടെയും ഇമെയിലിലൂടെയും ഈ അബദ്ധം സമ്മതിക്കുകയും ചെയ്തു.
വിമാനക്കമ്പനി തങ്ങളുടെ സേവനത്തില്‍ വീഴ്ച വരുത്തിയതായി കമ്മീഷന്‍ നിരീക്ഷിച്ചു. വിമാനം പറന്നുയര്‍ന്ന ഉടനെ കാബിനുകള്‍ ശ്രദ്ധയില്ലാതെ തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി വിലയിരുത്തി. നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും ഉള്‍പ്പെടെ ആകെ 25,000 രൂപ യാത്രക്കാരന് നല്‍കാനാണ് വിധിയില്‍ പറയുന്നത്. കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ വസ്ത്രങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ക്ക് പ്രത്യേകം തുക അനുവദിച്ചില്ലെങ്കിലും, സേവനത്തിലെ വീഴ്ചയ്ക്ക് കമ്പനി ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications