എയര്‍ ഇന്ത്യക്കുള്ള മറുപടിയോ..? 500 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ, തുര്‍ക്കിയുമായി സഹകരണം
എയര്‍ ഇന്ത്യ ദിവസങ്ങള്‍ക്ക് മുന്‍പാണ് 470 വിമാനങ്ങള്‍ വാങ്ങാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയും വിമാനം വാങ്ങുന്നത്

മുംബൈ: 500 പുതിയ വിമാനങ്ങള്‍ കൂടി വാങ്ങാന്‍ പദ്ധതിയിട്ട് ഇന്‍ഡിഗോ. എയര്‍ലൈനിന്റെ അന്താരാഷ്ട്ര സെയില്‍സ് മേധാവി വിനയ് മല്‍ഹോത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ടര്‍ക്കിഷ് എയര്‍ലൈനുകളുമായി സഹകരിച്ച് യൂറോപ്പിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍ഡിഗോ. മെഗാ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഏകദേശം 500 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മല്‍ഹോത്ര പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഇസ്താംബൂളിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാ സര്‍വീസുകള്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിദിനം 1800 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ 10 ശതമാനം അന്താരാഷ്ട്ര റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. നിലവിലെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും മറ്റ് ചില രാജ്യങ്ങളേയുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് തുര്‍ക്കിയിലേക്കും ഇസ്താംബൂളിലേക്കും ആണ്. അതിനാല്‍ തുര്‍ക്കി വിമാനക്കമ്പനികളുടെ സഹകരണത്തോടെ കൂടുതല്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. യുകെ, ഫ്രാന്‍സ്, ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി യൂറോപ്പില്‍ ഇന്‍ഡിഗോയ്ക്ക് 27 പോയിന്റുകളുണ്ട്.
അതേസമയം അടുത്തിടെ എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയും വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതേസമയം മത്സരത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നു എന്നും വിനയ് മല്‍ഹോത്ര പറഞ്ഞു.
സമീപഭാവിയില്‍ ഇന്‍ഡിഗോ കെനിയയിലെ നെയ്റോബിയും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പോയന്റുകള്‍ ആരംഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലേക്ക് പോകാന്‍ ആളുകള്‍ എന്തിന് ഇന്‍ഡിഗോ തിരഞ്ഞെടുക്കണം എന്ന ചോദ്യത്തിന് തങ്ങളാണ് യൂറോപ്പിലേക്ക് മികച്ച കണക്റ്റിവിറ്റിയും താരതമ്യേന കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

അതേസമയം ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്‍ഡിഗോ വലിയ ലാഭം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായതിനാല്‍ പ്രതീക്ഷയേകുന്ന വര്‍ധനവാണ് അറ്റാദായത്തില്‍ ഇന്‍ഡിഗോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 1,422 കോടി രൂപയുടെ അറ്റാദായമാണ് ഇന്‍ഡിഗോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 129 കോടി രൂപ മാത്രമായിരുന്നു ഇന്‍ഡിഗോയുടെ അറ്റാദായം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications