ബെംഗളൂരുവിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നിര്‍ത്തിവച്ച് ഇന്‍ഡിഗോ: കാരണം ഇതാണ്
ബെംഗളൂരു: പൈലറ്റുമാരുടെ ക്ഷാമം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളാണ് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണം. ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് ഇന്‍ഡിഗോ വിമാനക്കമ്പനിയാണ്. പുതുതായി നിരവധി പൈലറ്റുമാരെ നിയമിച്ചെങ്കിലും ഇപ്പോഴും വിമാന സര്‍വീസുകള്‍ പഴയതു പോലെ സുഗമമായിട്ടില്ല.
ഇപ്പോഴിതാ, ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി ശിവമൊഗ്ഗ-ബെംഗളൂരു ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. മെയ് ഒന്നു മുതലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പുതിയ മാര്‍ഗനിര്‍ദേശങ്ങളെ തുടര്‍ന്ന് പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതിനാല്‍ ശിവമൊഗ്ഗയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ശിവമൊഗ്ഗയ്ക്കും ബെംഗളൂരുവിനും ഇടയില്‍ ഇന്‍ഡിഗോ പ്രതിദിന വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് ശിവമൊഗ്ഗ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് പകുതിയോടെ മഴക്കാലം ആരംഭിക്കുന്നതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് കുറഞ്ഞ സമയമാണെന്നും ഓഫ്-സീസണ്‍ ആയതിനാല്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത് ജനങ്ങളെ കാര്യമായി ബാധിക്കില്ലെന്നുമാണ് കമ്പനിയുടെയും വിമാനത്താവള അധികൃതരുടെയും വിലയിരുത്തല്‍. നിലവില്‍ സ്റ്റാര്‍ എയര്‍ ശിവമൊഗ്ഗ വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദ്, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കും സ്‌പൈസ് ജെറ്റ് ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്ക് ഈ സര്‍വീസുകള്‍ ലഭ്യമാണെങ്കിലും, ശിവമൊഗ്ഗയ്ക്കും ബെംഗളൂരുവിനും ഇടയിലാണ് യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതലുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഡിജിസിഎ പുതിയ നിയമങ്ങള്‍ കര്‍ശനമാക്കിയത്. വിമാനങ്ങളുടെ സുരക്ഷിതമായ നടത്തിപ്പിനായി പൈലറ്റുമാരുടെ വിശ്രമ സമയം വര്‍ധിപ്പിച്ചിരുന്നു. കൂടുതല്‍ പൈലറ്റുമാരെ നിയമിക്കാനും നിര്‍ദേശിച്ചിരുന്നു. ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ സമയമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കിത്തുടങ്ങിയതോടെ ഇന്‍ഡിഗോയ്ക്ക് പൈലറ്റുമാരുടെ കടുത്ത ക്ഷാമം നേരിടേണ്ടി വരികയും ഇത് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുകയുമായിരുന്നു. വിമാന സര്‍വീസുകള്‍ വ്യാപകമായി മുടങ്ങിയതോടെ ഇന്‍ഡിഗോയ്ക്ക് പിഴ ശിക്ഷ വരെ ലഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് താല്‍ക്കാലിക മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.












Click it and Unblock the Notifications