പത്തു വര്‍ഷം പ്രാര്‍ത്ഥിച്ച് കിട്ടിയ കുഞ്ഞ്; ആറാം മാസം കണ്ണീരോര്‍മ; നഷ്ടപരിഹാരം വേണ്ടെന്ന് കുടുംബം
'പത്തു വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ദൈവം തന്ന നിധി. ഒടുവില്‍ ദൈവം തന്നെ തിരിച്ചെടുത്തു' - ഇന്‍ഡോറില്‍ മലിന ജല ദുരന്തമുണ്ടായ ഭഗീരത്പുരയില്‍ ഒരു വയോധികന്‍ വിലപിച്ചുകൊണ്ടിരുന്നു. പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനും ചികിത്സകള്‍ക്കും ശേഷമാണ് സാഹു കുടുംബത്തിന്റെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമായി അവ്യാന്‍ എന്ന കുഞ്ഞ് എത്തിയത്. എന്നാല്‍ വിധിയുടെ ക്രൂരത ആ കുഞ്ഞിനെ കുടുംബത്തിന്റെ സ്‌നേഹത്തില്‍ നിന്നു വേര്‍പെടുത്തി കൊണ്ടുപോയി.
ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കലര്‍ന്ന പാല്‍ കുടിച്ച് വയറിളക്കവും ഛര്‍ദിയും ബാധിച്ചാണ് ആറ് മാസം പ്രായമുള്ള അവ്യാന്‍ മരിച്ചത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അറിയപ്പെടുന്ന ഇന്‍ഡോറിലെ ഭരണകൂട വീഴ്ചയ്ക്ക് ഇരയായവരില്‍ ഒരാളായി കുഞ്ഞ് അവ്യാന്‍ മാറി.
മറാത്തി മൊഹല്ലയിലെ സാഹു കുടുംബത്തിലാകെ കനത്ത നിശബ്ദത നിറഞ്ഞു നിന്നു. ഡിസംബര്‍ 29-നാണ് ആ കുടുംബത്തിലെ കളിചിരികള്‍ അവസാനിച്ചത്. അന്നാണ് അവ്യാന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. കുഞ്ഞിന്റെ വിയോഗത്തില്‍ തളര്‍ന്ന കുടുംബം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹവും നിരസിച്ചു.

'ഞങ്ങളുടെ കുഞ്ഞ് പോയി, ഇനി ഈ പണം കൊണ്ട് എന്ത് ചെയ്യാനാണ്? നഷ്ടപരിഹാരം നല്‍കിയാല്‍ എന്റെ കുഞ്ഞ് തിരികെ വരുമോ?' എന്നാണ് അവ്യാന്റെ മുത്തശ്ശി കൃഷ്ണ സാഹു ചോദിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം നിരസിച്ചുകൊണ്ട് അവര്‍ ചോദിക്കുന്ന ചോദ്യം ഒരു നഗരത്തിന്റെയാകെ മനസാക്ഷിയെ പൊള്ളിക്കുന്നതാണ്. കുഞ്ഞിന്റെ ജനനത്തിനായി വ്രതമെടുത്ത് കാത്തിരുന്ന ആ മുത്തശ്ശിയുടെ കണ്ണീര്‍ തോരുന്നില്ല. അതേ വീടിന്റെ ഒരു മൂലയില്‍ അവ്യാന്റെ അമ്മ മരവിച്ച് ഇരിക്കുന്നു.
അമ്മയുടെ മുലപ്പാല്‍ തികയാതെ വന്നപ്പോള്‍ പാക്കറ്റ് പാലില്‍ ടാപ്പില്‍ നിന്നുള്ള വെള്ളം ചേര്‍ത്താണ് അവ്യാന് നല്‍കിയിരുന്നത്. കുടിവെള്ളത്തില്‍ കലര്‍ന്ന മാലിന്യമാണ് തങ്ങളുടെ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യവാനായി ജനിച്ച കുഞ്ഞിന് പെട്ടെന്നുണ്ടായ അസുഖം മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാന്‍ കാരണമാവുകയായിരുന്നു. പനിയും വയറിളക്കവും കൂടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അവ്യാന്‍ മരിച്ചത്.
ഭഗീരത്പുരയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 1400-ലധികം ആളുകള്‍ക്കാണ് മലിനജലം വഴി രോഗം ബാധിച്ചത്. 15 പേര്‍ മരിച്ചതായി നാട്ടുകാര്‍ അവകാശപ്പെടുമ്പോള്‍ ആരോഗ്യവകുപ്പ് നാല് മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. 32-ഓളം പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഇനിയൊരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത് എന്ന പ്രാര്‍ത്ഥനയോടെ വിങ്ങുകയാണ് ഈ ഗ്രാമം.












Click it and Unblock the Notifications