സ്വര്‍ണ ശംഖും ആമയും, രണ്ട് കിലോ തൂക്കം; തിരുപ്പതിയില്‍ സമര്‍പ്പിച്ച് നാരായണ മൂര്‍ത്തിയും ഭാര്യയും
ഹൈദരാബാദ്: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയും തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ ശംഖിന്റെയും ആമയുടെയും വിഗ്രഹം വഴിപാടായി സമര്‍പ്പിച്ചു. ഇതോടൊപ്പം തിരുമലയിലെ ശ്രീ വരു ക്ഷേത്രത്തിന് സ്വര്‍ണ്ണ അഭിഷേക ശങ്കം (ആചാര പാത്രം) സംഭാവന ചെയ്‌തെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. രണ്ട് കിലോയോളം സ്വര്‍ണം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതെന്നാണ് സൂചന.
ഇരുവരും സ്വര്‍ണം സമര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തിരുപ്പതി ക്ഷേത്രത്തില്‍ ഒന്നരക്കോടി രൂപ സംഭാവന നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം സംഭാവന കൈമാറിയത്. വര്‍ഷം തോറും ക്ഷേത്രം കൂടുതല്‍ മെച്ചപ്പെട്ടുവരികയാണ്. ഇതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമുണ്ടെന്നും അംബാനി അന്ന് പറഞ്ഞിരുന്നു.

തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) നടത്തുന്ന വെങ്കിടേശ്വര ആലയ നിര്‍മ്മാണം ട്രസ്റ്റ് (ശ്രീവാണി ട്രസ്റ്റ്) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞത് ഭക്തരില്‍ നിന്ന് 880 കോടി രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. നടപടിക്രമം അനുസരിച്ച്, 10,000 രൂപയുടെ ഓരോ സംഭാവനയ്ക്കും ക്ഷേത്രം ട്രെസ്റ്റ് വി ഐ പി ദര്‍ശനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മറുവശത്ത് സാധാരണക്കാരായ ഭക്തര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം.
അതേസമയം, തിരുപ്പതി ക്ഷേത്രത്തിന് 5300 കോടി രൂപ മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണം നിക്ഷേപമായുണ്ട് എന്നാണ് പറയുന്നത്. വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇതുള്ളത് എന്നും ധവളപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 15938 കോടി പണമായും നിക്ഷേപമായുണ്ട്. രാജ്യത്ത് ആകമാനം 7123 ഏക്കറിലായി 960 വസ്തുവകകളും തിരുപ്പതി ക്ഷേത്രത്തിന് ഉണ്ട്. ക്ഷേത്രത്തിന് ആകെ 2.26 ലക്ഷം കോടിയുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തിയില്‍ 2900 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications