ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; മറ്റൊരു വീഡിയോ പുറത്ത്
ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ മറ്റൊരു വീഡിയോ പോലീസ് പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷനു പുറത്തുനിന്നുള്ള ദൃശ്യമാണ് പുറത്തുവിട്ടത്. ചുമലില്‍ ബാഗ്തൂക്കി ധൃതിയില്‍ ഒരു യുവാവ് നടന്നു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.
സ്‌റ്റേഷനു പുറത്തുള്ള ഏതോ കടയില്‍ നിന്നുള്ളതാണ് വീഡിയോ. ഇത് പ്രതിയുടേത് തന്നെയാണെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിക്കുന്നു. കൊലപാതത്തിന് മുന്‍പും ശേഷവും ഇയാള്‍ ഈ പ്രദേശത്തൂടെ കടന്നുപോകുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ കൊലപാതകം നടന്നത്.
ചെന്നൈ ചൂളൈമേട് സ്വദേശിനിയായ സ്വാതി ഇന്‍ഫോസിസ് ഓഫീസിലേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയായിരുന്നു കൊലപാതകം. സ്വാതിയുടെ സമീപമെത്തിയ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുമായി വാഗ്വാദം നടത്തുകയും പൊടുന്നനെ ബാഗില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു.
കൊലപാതകി ഉടന്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സ്വാതിയുമായി മുന്‍ പരിചയമുള്ളയാളാണ് കൊലപാതകിയെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ സ്വാതിയെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചിരുന്ന ടാക്‌സി ഡ്രൈവറെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. പുതിയ വീഡിയോ പുറത്തുവന്നതോടെ പ്രതിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.












Click it and Unblock the Notifications