ബാംഗ്ലൂരിലെ പാര്‍ക്കുകളില്‍ ക്യാമറ കണ്ണുകള്‍
ബാംഗ്ലൂര്‍: ഐടി നഗരമായ ബാംഗ്ലൂരിലെ പാര്‍ക്കുകളില്‍ ചുംബനം കൈമാറാനും കെട്ടിപ്പിടിക്കാനുമൊക്കെ എത്തുന്ന കമിതാക്കള്‍ക്ക് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഒപ്പിയെടുക്കും മാത്രമല്ല, കമിതാക്കളായി ആഘോഷിക്കാന്‍ എത്തുന്നര്‍ പോലീസിന്റെ കയ്യില്‍ അകപ്പെടുകയും ചെയ്യും. മുതിര്‍ന്ന പൗരന്മാരുടെ പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്ന് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
പാര്‍ക്കില്‍ കമിതാക്കളുടെ പ്രണയ ചേഷ്ടകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ കുടുംബമായി പാര്‍ക്കിലെത്തുന്നവര്‍ക്ക് കണ്ണുപൊത്തേണ്ട അവസ്ഥയാണെന്ന് പരാതിക്കാര്‍ പറയുന്നു. ചുംബനവും സീല്‍ക്കാരങ്ങളുമായി പ്രണയം അതിരു കടക്കുമ്പോള്‍ കുട്ടികളുമായി കുടുംബങ്ങള്‍ പാര്‍ക്കുകളില്‍ നിന്നും ഒഴിഞ്ഞു പോവുകയാണ്. ഇതിന് പരിഹാരമായാണ് കോര്‍പ്പറേഷന്‍ പാര്‍ക്കുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ആദ്യഘട്ടമായി ചരിത്ര പ്രസിദ്ധമായ ബ്യൂഗിള്‍ റോക്ക് പാര്‍ക്കില്‍ ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പാര്‍ക്കിന്റെ വിവിധയിടങ്ങളില്‍ ക്യാമറകള്‍ കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തയ്യാറായി. ആദ്യത്തെ തവണ പിടിക്കപ്പെടുന്നവര്‍ക്ക് താക്കീതും, വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുമാണ് തീരുമാനം. ക്യാമറകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞെങ്കിലും തീരുമാനത്തില്‍ പിറകോട്ടില്ലെന്ന് ബസവഗുഡി കോര്‍പറേറ്ററും മേയറുമായ ബി.എസ്. സത്യനാരായണ അറിയിച്ചു.
പാര്‍ക്കുകള്‍ ഒരു സംഘം യുവാക്കള്‍ മാത്രം കൈയ്യടക്കുന്ന അവസ്ഥയാണ്. കുടുംബമായി പാര്‍ക്കിലെത്തുന്നവര്‍ക്ക് സ്വസ്ഥമായി ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല. യുവാക്കളുടെ പ്രണയ ചേഷ്ടകള്‍ അതിരുകടക്കുന്നതുകൊണ്ടുതന്നെ പല കുടുംബങ്ങളും പാര്‍ക്കുകളിലെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ സദാചാര പോലീസ് ആയി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications