അധ്യാപികമാര്‍ അച്ഛനെതിരെ പീഡന പരാതി നല്‍കി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: അധ്യാപികമാര്‍ പിതാവിനെതിരെ പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഖൂക്കാനയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനായ
പതിമൂന്നുകാരിയാണ് ജീവനൊടുക്കിയത്. സ്‌കൂളില്‍ ഫീസ് നല്‍കിയില്ലെന്നുകാട്ടി അധ്യാപികമാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കവും പോലീസ് ഇടപെടലുമാണ് ആത്മഹത്യയില്‍ കലാശിച്ചത്. പെണ്‍കുട്ടി നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപികമാരാണ് വീട്ടിലെത്തിയത്. മൂന്നു മാസത്തെ ഫീസ് നല്‍കാതെയാണ് പെണ്‍കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തതെന്നും ഫീസ് നല്‍കണമെന്നുമായിരുന്നു അധ്യാപകരുടെ ആവശ്യം.

എന്നാല്‍, ഫീസ് നല്‍കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചതോടെ വീട്ടില്‍ വാക്കുതര്‍ക്കം നടന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ അച്ഛനെ ഒരു പാഠം പഠിപ്പിക്കാനായി തങ്ങളെ പീഡിപ്പിച്ചെന്നുകാട്ടി പോലീസിനെ വിളിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും പോലീസ് സ്‌റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.
ഇതിനിടെ സ്‌കൂളില്‍ നിന്നും വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥിനി തന്നെക്കുറിച്ചുണ്ടായ തര്‍ക്കം അറിയുകയും മാനസിക വിഷമത്താല്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അധ്യാപികമാര്‍ക്കെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications