ബജറ്റില്‍ കരുതലോടെ ധനമന്ത്രാലയം, വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഐബിയുടെ സഹായവും
ധനമന്ത്രാലയത്തിലെ നടപടികള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്
ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയം ആശങ്കയിലാണ്. നിര്‍ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍. നൂറിലധികം ഉദ്യോഗസ്ഥര്‍ ബജറ്റുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് സൂചന.
ബജറ്റിന് മുന്‍പുള്ള ചടങ്ങുകളും കഴിഞ്ഞ ദിവസമാണ് ധനമന്ത്രാലയം നടത്തിയത്. ഉത്തരേന്ത്യയിലെ സുപ്രധാന മധുര പലഹാരമായ ഹല്‍വ വിതരണം ചെയ്തായിരുന്നു. ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ ആഘോഷിച്ചത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചടങ്ങിലുണ്ടായിരുന്നു. ചടങ്ങിന് ശേഷം ഉദ്യോഗസ്ഥരെ തരംതിരിച്ച് ബജറ്റ് പ്രിന്റ് എടുക്കുവാനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റിലാണ് ഇത് സീല്‍ ചെയ്ത് സൂക്ഷിക്കുന്നത്.

മൊബൈല്‍ ഫോണ്‍ പടിക്ക് പുറത്ത്
സുരക്ഷുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ആരും മൊബൈല്‍ ഫോണ്‍ പോലും കൊണ്ടുവരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബജറ്റ് പ്രിന്റ് ചെയ്യുന്ന സ്ഥലത്തേക്ക് ധനമന്ത്രി പോലും മൊബൈല്‍ കൊണ്ടുവരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ധനമന്ത്രാലയത്തിലെ നടപടികള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഫോണ്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ഐബി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ വിളിക്കാമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്.

ഇമെയില്‍ വേണ്ടേ വേണ്ട
ധനമന്ത്രാലയത്തിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഐബി ഉദ്യോഗസ്ഥര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇമെയില്‍ സൗകര്യം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഡാറ്റ ചോരാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററുമായുള്ള കണക്ഷന്‍ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇനി അഥവാ മൊബൈല്‍ ഫോണിലൂടെ വിവരങ്ങള്‍ ചോര്‍ന്നാലോ എന്ന് കരുതി ഓരോ മുറിയിലും ഇലക്ട്രോണിക് ജാമറുകള്‍ വെച്ചിട്ടുണ്ട്.
ബജറ്റ് ചോര്‍ത്തല്‍ ക്രിമിനല്‍ കുറ്റമാണെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. അഭിഭാഷകര്‍, നിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും ധനമന്ത്രി ബജറ്റ് ടീമിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും
ബജറ്റില്‍ സര്‍പ്രൈസായി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് വമ്പന്‍ എണ്ണ കമ്പനി സ്ഥാപിക്കുന്നതിനെ കുറിച്ചാണെന്ന് സൂചനയുണ്ട്. സംസ്ഥാനങ്ങിലെ വിവിധ എണ്ണ കമ്പനികളുമായി ചേര്‍ന്നായിരിക്കും കമ്പനി ആരംഭിക്കുക. ആഗോള തലത്തില്‍ വമ്പന്‍ എണ്ണ കമ്പനികളോട് മത്സരിക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് സൂചനയുണ്ട്. രാജ്യത്ത് എണ്ണ ഉല്‍പാദനം വളരെ ശുഷ്‌കമായ രീതിയിലാണ്. രാജ്യത്തിന്റെ ആവശ്യത്തിന് വേണ്ട എണ്ണയുടെ 80 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. ഈ സ്ഥിതി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2020ല്‍ ഇറക്കുമതി 67 ശതമാനമായി കുറയ്ക്കണമെന്ന് നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ പുതിയ നീക്കമെന്നാണ് സൂചന. എണ്ണ കമ്പനിക്ക് വേണ്ട പാക്കേജുകള്‍ ബജറ്റില്‍ ധനമന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

യൂത്തിനെ പരിപോഷിപ്പിക്കും
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം ഒരു കോടി യുവതി-യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനാണ് സാധ്യത. ഇതിനായി 2300 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും. ഈ പ്രഖ്യാപനം ബജറ്റിലുണ്ടാവും.
സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ മൂന്നര കോടി യുവജനങ്ങള്‍ക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോക ബാങ്കുമായി ചേര്‍ന്ന് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി കരാറും ഒപ്പിട്ടിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍.












Click it and Unblock the Notifications