ഇന്റര്‍കാസ്റ്റ് വിവാഹം; 50,000 രൂപ നികുതി അടക്കണമെന്ന് പഞ്ചായത്തിന്റെ ഭീഷണി
കാതിഹാര്‍: ഇരു ജാതികളില്‍പെട്ട യുവതി യുവാക്കള്‍ ബന്ധുക്കളുടെ ആശീര്‍വാദത്തോടെ വിവാഹിതരായപ്പോള്‍ 50,000 രൂപ നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമത്തിലെ പഞ്ചായത്ത് രംഗത്ത്. ബിഹാറിലെ കാതിഹാര്‍ ജില്ലയിലെ ഗോഗ്ര ഗ്രാമത്തിലാണ് ഇന്ത്യയിലെവിടെയും കേട്ടുകേള്‍വിയില്ലാത്ത നിയമവുമായി പഞ്ചായത്ത് കൂട്ടത്തിന്റെ ഭീഷണി.
ഗോഗ്ര ഗ്രാമത്തിലെ ചോട്ടു യാദവും അടുത്ത ഗ്രാമമായ രോഹിയയിലെ സോണിയയും കഴിഞ്ഞ നവംബറില്‍ കാതിഹാറിലെ ഒരു കോടതിയില്‍ വെച്ചാണ് വിവാഹിതരായത്. ഇരുവരും രണ്ടു ജാതിയില്‍പ്പെട്ടവരാണെങ്കിലും പ്രണയത്തിലായതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതത്തോടുകൂടിയായിരുന്നു വിവാഹം. കാതിഹാറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ് ചോട്ടു യാദവ്.

വിവാഹത്തിനുശേഷം അല്ലലില്ലാതെ ജീവിച്ചുവരികയായിരുന്നു ഇവര്‍. എന്നാല്‍ അടുത്തിടെ ഗോഗ്ര ഗ്രാമത്തില്‍ തിരിച്ചെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവര്‍ ഗ്രാമത്തിലെത്തിയ ഉടനെ പഞ്ചായത്ത് കൂടുകയും ഇരു ജാതിയില്‍പ്പെട്ട വിവാഹത്തിന് 50,000 രൂപ നികുതി അടക്കണമെന്നും ആവശ്യപ്പെട്ടു. നികുതി അടച്ചില്ലെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ആ പണം ഉപയോഗിക്കാമെന്നായിരുന്നു പഞ്ചായിത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍, പാവപ്പെട്ടവരായ തങ്ങള്‍ക്ക് പണം നല്‍കാന്‍ ഒരു നിവൃത്തിയും ഇല്ലെന്ന് ചോട്ടുവിന്റെ പിതാവ് പുരന്‍ യാദവ് പറയുന്നു. ഇരുവീട്ടുകാരും സമ്മതിച്ചാണ് വിവാഹിതരായത് എന്തിനാണ് മറ്റുള്ളവര്‍ അതില്‍ ഇടപെടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പഞ്ചായത്തിന്റെ ഭീഷണി അതിരു കടന്നതോടെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ് ചോട്ടുവും കുടുംബവും. പരാതി അന്വേഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ പരാതിക്കാരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications