ഈ മാസം കഴിഞ്ഞാല്‍ കളിമാറുമെന്ന് പൈലറ്റ്: ഇരുനേതാക്കളേയും ദില്ലിയിലേക്ക് വിളിപ്പിച്ച് ഖാർഗെ
ദില്ലി: രാജസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. അനുനയ നീക്കങ്ങളുടെ ഭാഗമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായും എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ഇന്ന് ദില്ലിയില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലെ രാജസ്ഥാൻ ഹൗസിന്റെ തറക്കല്ലിടലും ഗെലോട്ടിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് നടക്കും.
സംസ്ഥാന സർക്കാരിനോട് താൻ ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ ഈ മാസം അവസാനത്തോടെ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന അന്തിമ മുന്നറിയിപ്പ് നല്‍കി കാത്തിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. ഈ സാഹചര്യത്തിലാണ് ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിരിക്കുന്ന സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് ദില്ലിയിലേക്ക് ചർച്ചക്ക് വിളിപ്പിച്ചത്.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നത് ഉള്‍പ്പടേയുള്ള ആവശ്യങ്ങലാണ് സച്ചിന്‍ പൈലറ്റ് മുന്നോട്ട് വെച്ചതെന്നാണ് സൂചന. അതേസമയം ഒരു മുതിർന്ന നേതാവ് പറയുന്നതനുസരിച്ച്, എല്ലാ സംസ്ഥാന നേതാക്കളുമായും കോൺഗ്രസ് ഉന്നതരുടെ യോഗം മെയ് 26 ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാനത്തെ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തില്‍ ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു നേതാക്കളേയും ഒരുമിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഗെലോട്ടിനെയും പൈലറ്റിനെയും ദില്ലിയിലേക്ക് വിളിപ്പിച്ചത്. ഇരുവരുമായി വെവ്വേറെയായിട്ടാവും എ ഐ സി സി അധ്യക്ഷന്‍ ചർച്ച നടത്തുക.
ഇത്രത്തോളം ശക്തമായിരുന്നില്ലെങ്കിലും സമാനമായ പ്രശ്നം നേരിട്ടിരുന്ന കർണാടകയിൽ സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഖാർഗെ വിജയിച്ചിരുന്നു. രാജസ്ഥാനിലും അതേ ഫോർമുല പരീക്ഷിക്കാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് ഹൈക്കമാൻഡ് യോഗം നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് മാറ്റിവെക്കുകയായിരുന്നു. ആ യോഗമാണ് ഇപ്പോള്‍ നടക്കാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications