അന്താരാഷ്ട്ര യോഗ ദിനം; കൊച്ചിയില്‍ ഐഎൻഎസ് വിക്രാന്തില്‍ യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊച്ചിയില്‍ ഐഎൻഎസ് വിക്രാന്തില്‍ യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്നുവെന്നത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
'യോഗ ആഗോളതലത്തിൽ ആഘോഷിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെ ലോകം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുകയാണ്, ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അഭിമാനകരമായ കാര്യമാണത്',രാജ്നാഥ് സിംഗ് പറഞ്ഞു.

9 വർഷം മുൻപാണ് യോഗയെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗ നൂറ്റാണ്ടുകളായി പിന്തുടരുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇന്നത്തെ തിരിക്കേറിയ ലോകത്ത് കടുത്ത ശാരീര, മാനസിക പ്രശ്നങ്ങൾ ആളുകൾ അനുഭവിക്കുന്നുണ്ടെന്നും അതിനെല്ലാം ഈ ഫലപ്രദമായ ഏക പരിഹാരം യോഗ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യോഗ ദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് രാജ്യത്തിനകത്തും പുറത്തും നടക്കുന്നത്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിരന്നുള്ള യോഗാഭ്യാസമാണ് നടന്നത്. പാര്‍ലമെന്റിന് മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിനു സമീപവുമെല്ലാം യോഗ ചടങ്ങുകൾ നടന്നിരുന്നു.
സംസ്ഥാനത്തും യോഗാ ദിനം ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ആരോഗ്യമുള്ള സമൂഹമാണ് ലക്ഷ്യമെന്നും അത് കൈവരിക്കാൻ യോഗ പരിശീലനം ഉപകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു. യോഗ അഭ്യസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നതുമായ ദിനമാണിത്. രാജ്യാന്തര തലത്തിൽ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ലോകരാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു എന്നുള്ളത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായിട്ടുള്ള ഒരു കാര്യമാണെന്നും മന്ത്രി പറഞ്ഞു.
അതിനിടെ യോഗ ദിനത്തിലെ ദേശീയ ആഘോഷത്തെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ യോഗ ദിനം ആഘോഷിക്കുന്നുവെന്നത് ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗയിലൂടെ ഒരാള്‍ക്ക് ആരോഗ്യവും ഓജസ്സും ശക്തിയും ലഭിക്കുന്നുവെന്നും വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നവർക്ക് അതിന്റെ ഊര്‍ജ്ജം അനുഭവപ്പെട്ടിട്ടുണ്ടെന്നും യോഗ ഗ്രന്ഥങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിൻ്റെ ഭാഗമാണ് യോഗ എന്നും മോദി പറഞ്ഞു.
ഇന്ന് യുഎസിൽ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗ ദിനപരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നത്.












Click it and Unblock the Notifications