അന്താരാഷ്ട്ര കബഡി താരം മത്സരത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു
അമൃത്സര്‍: അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. സന്ദീപ് സിംഗ് ലങ്കലിന്റെ തലയിലും നെഞ്ചിലുമായി ഇരുപതോളം തവണ വെടിയേറ്റു. ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യു കെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുള്ള താരമാണ് സന്ദീപ് നങ്കല്‍.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അതേസമയം താരത്തെ ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അതേസമയം നാല് പേരാണ് അക്രിച്ചതെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് 10 ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പറഞ്ഞു. വെടിയേറ്റ ഉടനെ സന്ദീപിനെ നകോദറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി പൊലീസ് അറിയിച്ചു. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. നിലവില്‍ ഒരു കബഡി ഫെഡറേഷനും സന്ദീപ് നടത്തുന്നുണ്ട്.
നിരവധി മത്സരങ്ങളില്‍ സന്ദീപ് സിംഗ് നങ്കല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ടൂര്‍ണമെന്റുകളില്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലായിരുന്നു താമസം. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.












Click it and Unblock the Notifications