ട്രെയിന്‍ വൈകി, ചിലത് ട്രാക്ക് മാറിയെത്തി; 18 പേരുടെ ജീവനെടുത്ത തിരക്ക്: അന്വേഷണത്തിന് ഉന്നതതല സമിതി
ഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ അപകടത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണം കണ്ടെത്താനും രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചതായി റെയിൽവേ ബോർഡിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്, യാത്രക്കാരെ പ്രത്യേക ട്രെയിനിൽ യാത്രയാക്കി. റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാണ്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു, അതിനാൽ ഞങ്ങൾ നാല് പ്രത്യേക ട്രെയിനുകൾ കൂടി ഓടിച്ചു. തിക്കിലും തിരക്കിലും പെട്ട് കുറച്ച് പേർക്ക് ബോധം നഷ്ടപ്പെട്ടുവെന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനം ഞങ്ങൾ കുറച്ചുനേരം തടഞ്ഞു, പക്ഷേ ഇപ്പോൾ സ്ഥിതി നിയന്ത്രണത്തിലാണ്' ദിലീപ് കുമാർ കൂട്ടിച്ചേർത്തു.

കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെ ഇന്നലെ വൈകീട്ട് 10 മണിക്കാണ് തിക്കും തിരക്കമുണ്ടായത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളും ഒമ്പത് പേർ സ്ത്രീകളുമാണ്. 50 ലധികം പേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കുംഭമേളയിലേക്ക് പോകുന്നതിനായി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് ട്രെയിനുകളാണ് ഏർപ്പെടുത്തിയിരുന്നു. ഇതില്‍ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തിയതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖ നേതാക്കള്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിച്ച ഡല്‍ഹിയുടെ കാവല്‍ മുഖ്യമന്ത്രിയും എ എ പി നേതാവുമായി അതിഷി പരിക്കേറ്റവരെ പ്രവേശിപ്പിച്ച എൽ എൻ ജെ പി ആശുപത്രി സന്ദർശിച്ചു.
എ എ പിയുടെ രണ്ട് എം എൽ എമാർ നിലവിൽ സ്ഥലത്തുണ്ടെന്നും ഇരകളുടെ കുടുംബങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ ആശുപത്രി മാനേജ്‌മെന്റിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിഷി പറഞ്ഞു. 'ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ മഹാകുംഭത്തിന് പോയ ഭക്തരുടെ ദാരുണമായ മരണം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. എൽ എൻ ജെപി ആശുപത്രിയിൽ ഇരകളുടെ കുടുംബങ്ങളെ കണ്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, അവരുടെ ചികിത്സ പുരോഗമിക്കുന്നു. ഇരകളുടെ കുടുംബങ്ങളെ സഹായിക്കാൻ ഞങ്ങളുടെ രണ്ട് എംഎൽഎമാർ ആശുപത്രിയിൽ ഉണ്ട്' അതിഷി എക്‌സിൽ പോസ്റ്റ് ചെയ്തു.












Click it and Unblock the Notifications