ഐഎന്‍എക്‌സ് കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ദില്ലി: കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുകള്‍ പിടിച്ചെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്‌സ് കള്ളപണം വെളുപ്പിക്കല്‍ കേസില്‍ കാര്‍ത്തിയില്‍ നിന്ന് 11.04 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നാല് വസ്തുവകകളാണ് കാര്‍ത്തിയില്‍ നിന്ന് ഇഡി പിടിച്ചെടുത്തത്. അതിലൊന്ന് കൂര്‍ഗില്‍ ഉള്ള സ്വത്താണ്.
കാര്‍ത്തിക്കെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് പി ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. നേരത്തെ ഐഎന്‍എക്‌സ് കേസില്‍ സിബിഐയും ഇഡിയും കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു.

ചിദംബരം ധനകാര്യ മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മാധ്യമ കമ്പനികളില്‍ വിദേശ നിക്ഷേപം സ്വീകരിച്ചതിലൂടെ ഉണ്ടായ അഴിമതിയാണ്. യുപിഎ സര്‍ക്കാരിലായിരുന്നു ചിദംബരം ധനമന്ത്രി. വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയത് വഴി ചിദംബരത്തിന് സാമ്പത്തിക നേട്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
അനധികൃതമായി ഫണ്ടുകള്‍ നേരിട്ടും അല്ലാതെയും ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഷെല്‍ കമ്പനികളിലൂടെ ഈ പണം ലഭിച്ചിരുന്നതെന്നും, ഈ കടലാസ് കമ്പനികളെല്ലാം കാര്‍ത്തി ചിദംബരത്തിന്റെ പേരിലായിരുന്നുവെന്നും ഇഡി പറഞ്ഞു. എന്നാല്‍ തനിക്കും കുടുംബത്തിനുമെതിരെ രാഷ്ട്രീയ പകപോക്കലാണ് ബിജെപിയും കേന്ദ്രവും നടത്തുന്നതെന്ന് കാര്‍ത്തി ആരോപിച്ചു.












Click it and Unblock the Notifications