ഹർഭജന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ഇന്‍സമാം: കലിപ്പിച്ച് ടർബനേറ്റർ
മൈതാനത്ത് നിരവധി തവണ വീറും വാശിയുമോടെ ഏറ്റുമുട്ടിയിട്ടുള്ള താരങ്ങളാണ് ഹർഭജന്‍ സിങ്ങും ഇന്‍സാമാം ഉള്‍ഹഖും. വർഷങ്ങള്‍ക്ക് ശേഷം ഇരുതാരങ്ങളും ഇതാ വീണ്ടും അതേ വാശിയോടെ ഒരിക്കല്‍ കൂടെ ഏറ്റുമുട്ടുകയാണ്. ആ ഏറ്റുമുട്ടല്‍ ക്രിക്കറ്റ് മൈതാനത്ത് അല്ലെന്നത് മാത്രമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാത്തിനും തുടക്കം കുറിച്ചതാകട്ടെ ഇന്‍സമാം ഉള്‍ഹഖിന്റെ ഒരു വെളിപ്പെടുത്തലും.
ഹർഭജൻ സിംഗ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖിന്റെ വെളിപ്പെടുത്തല്‍. ഒരു മത ചടങ്ങില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഹർഭജന്‍ മതം മാറാന്‍ തയ്യാറായിരുന്നുവെന്ന് ഇന്‍സമാം പറയുന്നത്. 2006ൽ പാകിസ്ഥാനിൽ അവസാനം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോഴാണ് ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയാറായതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അന്ന് പാകിസ്ഥാൻ താരങ്ങളുടെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത് താരിഖ് ജമീൽ ആയിരുന്നു. ഇൻസമാമിന്‍റെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ താരങ്ങളായിരുന്ന ഇർഫാൻ പത്താൻ, സഹീർ ഖാൻ, മുഹമ്മദ് കൈഫ് എന്നിവർ പ്രാർഥനയ്ക്ക് എത്തി. ഈ താരങ്ങള്‍ക്കൊപ്പം ഹർഭജന്‍ സിങ്ങും നിസ്കരിക്കുന്ന സ്ഥലത്തേക്ക് എത്താറുണ്ടായിരുന്നു.
പ്രാർത്ഥനയില്‍ പങ്കെടുക്കാറില്ലെങ്കിലും ഹർഭജൻ തങ്ങൾക്കൊപ്പം ഇസ്ലാമിക പണ്ഡിതനായ മൗലാന താരിഖ് ജമീലിന്റെ വാക്കുകൾ കേള്‍ക്കുമായിരുന്നു. താരീഖ് ജമീലിന്റെ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായും ഹർഭജൻ തന്നോട് തുറന്നുപറഞ്ഞിരുന്നു. താരിഖ് ജമീല്‍ പറയന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എങ്കില്‍ അദ്ദേഹത്തെ പിന്തുടരൂ, താങ്കള്‍ക്ക് എന്ത് തടസമാണുള്ളതെന്ന് ഞാന്‍ ചോദിച്ചു. താരിഖ് ജമീലിന്‍റെ ആശയങ്ങളിൽ ആകൃഷ്ടനായ ഹര്‍ഭജന്‍ ഇസ്ലാം മതം സ്വീകരിക്കാൻ ആലോചിച്ചിരുന്നെന്നും ഇന്‍സമാം അവകാശപ്പെട്ടു.
ഇന്‍സമാം ഉള്‍ഹഖിന്റെ ഈ വാക്കുകള്‍ക്ക് വലിയ രീതിയില്‍ പ്രചാരണം ലഭിച്ചു. ഇതോടെയാണ് ശക്തമായ മറുപടിയുമായി ഹർഭജന്‍ സിങ് തന്നെ രംഗത്ത് വന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് താങ്കള്‍ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാമെന്ന് വ്യക്തമാക്കിയ ടർബനേറ്റർ, ഞാൻ അഭിമാനിയായ ഇന്ത്യക്കാരനും സിഖുകാരനുമാണെന്നും കൂട്ടിച്ചേർത്തു.
മറ്റൊരു പ്രമുഖ ക്രിക്കറ്റ് താരമായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ മുഹമ്മദ് യൂസഫ് മതംമാറാൻ ക്ഷണിച്ചിരുന്നെന്നും ഇൻസമാം ഇതേ വീഡിയോയിൽ പറയുന്നുണ്ട്. പാകിസ്താനിൽ ടെസ്റ്റ് പരമ്പരക്കായി എത്തിയപ്പോൾ അദ്ദേഹത്തെ യൂസഫ് ഡിന്നറിന് ക്ഷണിച്ചെന്നും അവിടെവെച്ച് അദ്ദേഹത്തെ ഇരുവരും ചേർന്ന് മതം മാറ്റാൻശ്രമിച്ചെന്നുമാണ് അവകാശവാദം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്‍സമാം ഉള്‍ഹഖ് തബ്‍ലീഗ് ജമാഅത്തിന്‍റെ പ്രചാരകനും പാക് ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറുമാണ്. ടീം ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ഇൻസമാം സ്ഥാനമൊഴിയുകയും ചെയ്തു.












Click it and Unblock the Notifications