ബെംഗളൂരിലെ ഐ.ഒ.സി. ജംഗ്ഷൻ ഫ്ലൈഓവർ പൊളിച്ചുനീക്കും;436 കോടി രൂപ ചെലവിൽ പുതിയ ഫ്ലൈഓവർ വരും
കിഴക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 436 കോടി രൂപ ചെലവിൽ പുതിയ ഫ്ലൈഓവർ നിർമ്മിക്കാൻ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി-സ്മൈൽ) പദ്ധതിയുടെ ഭാഗമായി നിലവിലുള്ള ഐ.ഒ.സി. ജംഗ്ഷൻ ഫ്ലൈഓവർ പൊളിച്ചുനീക്കാനാണ് തീരുമാനം. 2001-02 കാലഘട്ടത്തിൽ റെയിൽവേ നിർമ്മിച്ച ഈ ഫ്ലൈഓവർ നഗര ഗതാഗതത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്.
ഫ്ലൈഓവർ പൊളിക്കുന്നതിനാൽ ഡോഡ ബാനസവാഡി റോഡ്, ബൈയപ്പനഹള്ളി റോഡ്, കമ്മനഹള്ളി റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനിടയുണ്ടെന്നാണ് അധികൃതർ വിലയിരുത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ കൂടുതലുള്ള സ്ഥലമാണിത്. അതിനാൽ ഫ്ലൈഓവർ പൊളിക്കുന്നത് ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.ഈ സാഹചര്യത്തിൽനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വിവിധ സിവിക്, ഗതാഗത ഏജൻസികളുമായി ചേർന്ന് സമഗ്രമായ ട്രാഫിക് ക്രമീകരണ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതോടൊപ്പം, ബൈയപ്പനഹള്ളി റോഡിനെ ഓൾഡ് മദ്രാസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലവും ബി-സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ സർ എം. വിശ്വേശ്വരയ്യ ടെർമിനലിലേക്കുള്ള പ്രവേശനം ഇതിലൂടെ കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ റോട്ടറി ഫ്ലൈഓവർ വിവിധ ദിശകളിൽ നിന്ന് ടെർമിനലിലേക്കുള്ള തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇടുങ്ങിയ റോഡുകളും പരിമിതമായ പ്രവേശന സൌകര്യങ്ങളും കാരണം നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരം കാണാനാകും.
അതേസമയം, പദ്ധതിയുടെ ചെലവ് 2023-ൽ നിർദ്ദേശിച്ച 263 കോടി രൂപയിൽ നിന്ന് 436 കോടി രൂപയായി ഉയർന്നിട്ടുണ്ട്. രൂപകൽപ്പനയിലെ മാറ്റങ്ങൾ, ജിഎസ്ടി ഉൾപ്പെടെയുള്ള ചിലവ് വർധന, കൂടാതെ മാരുതി സേവ നഗർ റോഡിൽ നിന്ന് റെയിൽവേ ടെർമിനലിലേക്കുള്ള ദീർഘദൂര യാത്രക്കാരെ പ്രാദേശിക ട്രാഫിക്കിൽ നിന്ന് വേർതിരിക്കാൻ 1.5 കിലോമീറ്റർ നീളമുള്ള പുതിയ ഫ്ലൈഓവർ എന്നിവ ഉൾപ്പെടുത്തിയതാണ് ചെലവ് ഉയരാൻ കാരണമായത്.
ഐ.ഒ.സി. ജംഗ്ഷൻ വഴി നടപ്പിലാക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് കെ-റൈഡ് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. എങ്കിലും സമീപ പ്രദേശങ്ങളിൽ സജീവമായ നിരവധി റെയിൽവേ പാതകൾ ഉള്ളതിനാൽ നിർമ്മാണം സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications