ഇനി ക്രിക്കറ്റിന്റെ കുട്ടിപ്പൂരം...; ഐപിഎല്‍ 2025 ന്റെ തിയതി പുറത്ത്, കലാശപോരാട്ടം ഈ ദിവസം
ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്ന തിയതി വെളിപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. മാര്‍ച്ച് 21 മുതല്‍ ആണ് ഐപിഎല്‍ ആരംഭിക്കുക എന്ന് രാജീവ് ശുക്ല വ്യക്തമാക്കി. മേയ് 25 നായിരിക്കും കലാശപോരാട്ടം അരങ്ങേറുക. വനിതാ പ്രീമിയര്‍ ലീഗിന്റെ വേദി സംബന്ധിച്ച കാര്യത്തിലും അന്തിമ തീരുമാനമായിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
പുതിയ ബി സി സി ഐ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ കൈക്കൊണ്ടതായാണ് വിവരം. ജനുവരി 18-19 തീയതികളില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ അന്തിമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22 നായിരുന്നു ഐപിഎല്‍ ആരംഭിച്ചത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂവും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. മേയ് 26 ന് നടന്ന കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് കിരീടമുയര്‍ത്തിയത്. ഈ സീസണ്‍ സൗദി അറേബ്യയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തിന് വേഷമാണ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മെഗാ ലേലത്തില്‍ 182 കളിക്കാര്‍ 639.15 കോടി രൂപയ്ക്ക് വില്‍ക്കപ്പെട്ടു.
10 ടീമുകളില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രധാന കളിക്കാരെ നിലനിര്‍ത്തിയ ശേഷം തങ്ങളുടെ ടീമുകളെ ശക്തിപ്പെടുത്താനായി മികച്ച താരങ്ങളേയും സ്വന്തമാക്കി. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ റിഷഭ് പന്താണ് ലേലത്തിലെ ഏറ്റവും വില കൂടിയ താരമായത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ റിഷഭ് പന്തിനെ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്.
ശ്രേയസ് അയ്യര്‍ (26.75 കോടി), വെങ്കിടേഷ് അയ്യര്‍ (23.75 കോടി) എന്നിവരും ലേലത്തില്‍ നേട്ടമുണ്ടാക്കിയ താരങ്ങളാണ്. അതേസമയം, ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ നിരവധി കളിക്കാരെ ലേലത്തില്‍ വാങ്ങാന്‍ ഒരു ടീമും തയ്യാറായില്ല.
ഐപിഎല്ലിന്റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ്, അഞ്ച് തവണ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല.












Click it and Unblock the Notifications