നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി ഇറാന്‍
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് അറിയിച്ച് ഇറാന്‍. മാനുഷിക പരിഗണന വെച്ച് നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കാമെന്ന് ഇന്ത്യാ സന്ദർശനത്തിന് എത്തിയ മുതിർന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹയില്‍ വ്യക്തമാക്കി. വിഷയത്തില്‍ തങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.
വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷിദ് അൽ അലിമി അനുമതി നല്‍കിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര സർക്കാറും ശക്തമാക്കിയിട്ടുണ്ട്. വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കി.

മോചനത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിനെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ തടവില്‍ കഴിയുകയാണ് നിമിഷ പ്രിയ. 2015 ല്‍ തലസ്ഥാനമായ സാനയില്‍ തലാലിന്റെ സ്പോണ്‍ഷർഷിപ്പില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരുന്നു. പിന്നീട് തലാലിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ സഹപ്രവർത്തകയുമായി ചേർന്ന് തലാലിനെ വധിച്ചെന്നാണ് കേസ്. 2017 ജുലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020 ലാണ് കോടതി വധശിക്ഷ വിധിക്കുന്നത്.
നിമിഷ പ്രിയയുടെ മോചനശ്രമങ്ങളുമായി യെമനിലേക്ക് എത്തിയ അമ്മ പ്രേമകുമാരി കഴിഞ്ഞ ആറ് മാസമായി അവിടെ തുടരുകയാണ്. രണ്ട് തവണ ജയിലിലെത്തി മകളെ കാണാനും പ്രേമകുമാരിക്ക് സാധിച്ചിരുന്നു. മകളെ തിരികെയെത്തിക്കാൻ എല്ലാവരും സഹായിക്കണമെന്ന് പ്രേമകുമാരി കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു.
'മകളുടെ പേപ്പറിൽ പ്രസിഡന്റ് ഒപ്പിട്ടു, ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, എല്ലാവരും കൈകോർത്ത് പിടിച്ച് അവളെ രക്ഷിക്കണം. അവൾക്ക് വേണ്ടി കഷ്ടപ്പെട്ട എല്ലാവരോടും ആയിരം തവണ നന്ദി പറയുകയാണ്. ആക്ഷൻ കമ്മിറ്റിയിലെ എല്ലാവരും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമെല്ലാം ഇടപെട്ടു. അവളെ തിരികെയെത്തിക്കാൻ എത്രയും പെട്ടെന്ന് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്', പ്രേമകുമാരി പറഞ്ഞു.












Click it and Unblock the Notifications