ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കാന്‍ നിര്‍ണായകമായ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ വേദിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പശ്ചിമേഷ്യയിലുടനീളം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെയും സമാധാനം കൊണ്ടുവരേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള ഊര്‍ജ സുരക്ഷയ്ക്കും ഇന്ധന വിതരണത്തിനും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഇരു നേതാക്കളും ചര്‍ച്ചയില്‍ സമ്മതിച്ചു. സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ആശയവിനിമയം തുടരാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയത് നയതന്ത്ര മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇസ്ലാമാബാദിനെ ചര്‍ച്ചകള്‍ക്കുള്ള വേദിയായി നിര്‍ദ്ദേശിച്ചത്. മേഖലയുടെ സുസ്ഥിരതയ്ക്കായി ഏതുതരം ചര്‍ച്ചകള്‍ക്കും സൗകര്യമൊരുക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഷെഹ്ബാസ് ഷെരീഫിന്റെ ഈ കുറിപ്പ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത് പാകിസ്ഥാന്റെ മധ്യസ്ഥ നീക്കങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യമായാണ് വിലയിരുത്തപ്പെടുന്നത്. പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും ട്രംപുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ നീക്കങ്ങള്‍ ഇന്ത്യയില്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്്
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനിയന്‍ പ്രതിനിധികളുമായി ഇസ്ലാമാബാദില്‍ വെച്ച് ഈ ആഴ്ച തന്നെ ചര്‍ച്ച നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കയുമായി നേരിട്ടു ചര്‍ച്ച നടത്തുന്ന കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാനില്‍ ചര്‍ച്ച നടത്തുമെന്ന് അമേരിക്കയും പറഞ്ഞിട്ടില്ല.
സൗഹൃദ രാജ്യങ്ങള്‍ വഴി അമേരിക്കയുടെ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മാത്രമാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഇന്ധന വിതരണം തടസപ്പെട്ടതും വിലക്കയറ്റവും പാകിസ്ഥാനെയും ഇന്ത്യയെയും ഒരുപോലെ ബാധിക്കുന്നുണ്ട്. യുദ്ധം കാരണം ഇന്ത്യയില്‍ വ്യാപാര മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുക എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ചും അനിവാര്യമായ കാര്യമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ടത് ആഗോള വിപണിയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതുകൂടാതെ ഗള്‍ഫ് മേഖലയിലെ പ്രവാസികളും വലിയ ദുരിതത്തിലാണ്.
അതിനിടെ, പാകിസ്ഥാന്‍ സമാധാന ചര്‍ച്ചകളുടെ കേന്ദ്രമായി മാറുന്നത് ഇന്ത്യയുടെ നയതന്ത്ര പരാജയമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അയല്‍ രാജ്യം നയതന്ത്ര മേഖലയില്‍ മുന്നേറ്റം നടത്തുമ്പോള്‍ ഇന്ത്യ കാഴ്ചക്കാരനായി മാറുന്നത് ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. എന്നാല്‍ മേഖലയിലെ സമാധാനത്തിനായി ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനുമായും നരേന്ദ്ര മോദി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം ഇന്ത്യന്‍ കപ്പലുകളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്.












Click it and Unblock the Notifications