ഇറോം ശര്‍മിള ദില്ലിയില്‍, മോദിയെ കാണാൻ ആ്രഗഹം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനായി മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള ദില്ലിയില്‍. മണിപ്പൂരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം തന്നെയാകും പ്രധാനമന്ത്രിക്ക് മുന്നില്‍ ഇറോം ശര്‍മിളയ്ക്ക് പറയാനുള്ളത്. ദില്ലി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് ഇറോം ശര്‍മിള തലസ്ഥാന നഗരിയിലെത്തുന്നത്.
ഒരു മാറ്റത്തിന് വേണ്ടിയാണ് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കും എന്നാണ് കരുതുന്നത്. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദി ഏറെ മാറിയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നത്. 2006ല്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ശര്‍മിള ദില്ലി പാട്യാല ഹൗസ് കോടതിയിലെത്തുന്നത്.

മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന സമരനായിക ഇറോം ശര്‍മിളയെ തങ്ങളുടെ സ്ഥാനാര്‍ഥിയാക്കാന്‍ ആം ആദ്മി പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇറോം ശര്‍മിള അത് നിരസിച്ചു. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ചത് എന്നും ഇറോം ശര്‍മിള പറഞ്ഞു.
മണിപ്പൂരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 14 വര്‍ഷമായി സമരത്തിലാണ് ഇറോം ശര്‍മിള. നിരാഹാര സമരത്തില്‍ കഴിയുന്ന ഇറോം ശര്‍മിളയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇറോം ശര്‍മിളയെ പരിപാലിക്കുന്ന ഡോക്ടര്‍മാരുടെ സംഘവും ദില്ലിയിലെത്തുന്നുണ്ട്.












Click it and Unblock the Notifications