എടപ്പാടിക്ക് ആപ്പ്? 5 എംഎല്‍എമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു, ടിവികെയില്‍ ചേരുമെന്ന് അഭ്യൂഹം
ചെന്നൈ: തമിഴകത്ത് സർക്കാർ രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെ, എ.ഐ.എ.ഡി.എം.കെ.യിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന എ.ഐ.എ.ഡി.എം.കെ. എം.എൽ.എ.മാരുടെ യോഗത്തിൽ നിന്ന് എസ്.പി. വേലുമണി, ലീമ റോസ് ഉൾപ്പെടെ അഞ്ച് എം.എൽ.എ.മാർ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മെയ് നാലിന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിജയ്‍യുടെ തമിഴക വെറ്റ്രി കഴകം (ടി.വി.കെ.) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ദ്രാവിഡ പാർട്ടികൾക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ, ഫലം വന്ന് അഞ്ച് ദിവസമായിട്ടും വിജയ്‍ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്തതിനെ തുടർന്നാണിത്.

നിലവിൽ കോൺഗ്രസിന്റെ അഞ്ച്, സി.പി.ഐ.യുടെ രണ്ട്, സി.പി.എം.ന്റെ രണ്ട് എന്നിങ്ങനെ 116 എം.എൽ.എ.മാരുടെ പിന്തുണയാണ് വിജയ്‍ക്ക് ലഭിച്ചിട്ടുള്ളത്. 118 എം.എൽ.എ.മാരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഗവർണറെ കണ്ട വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, വിജയ്‍ക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് അമ്മാ മക്കൾ മുന്നേറ്റ കഴകത്തിന്റെ (എ.എം.എം.കെ.) എം.എൽ.എ. കാമരാജ് രംഗത്തെത്തി. ഗവർണറെ കണ്ടപ്പോൾ കാമരാജിന്റെ പിന്തുണക്കത്ത് സമർപ്പിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, താൻ അങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്ന് കാമരാജ് നിലപാട് മാറ്റി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടി എടുക്കണമെന്നും എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ഗവർണറോട് ആവശ്യപ്പെട്ടു. രണ്ട് സീറ്റുകൾ നേടിയുള്ള തിരുമാവളവനും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എ.ഐ.എ.ഡി.എം.കെ.യിലെ ചില എം.എൽ.എ.മാർ വിജയ്‍ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് യോഗത്തില്‍ നിന്ന് ചില പ്രധാന അംഗങ്ങള്‍ വിട്ടുനിന്നിരിക്കുന്നത്. ടി.വി.കെ. ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ ഭാര്യയുടെ അമ്മയാണ് എ.ഐ.എ.ഡി.എം.കെ. എം.എൽ.എ.യായ ലീമ റോസ്. അതിനാൽ ലീമ റോസ് ചില എം.എൽ.എ.മാരെ ടി.വി.കെ. പക്ഷത്തേക്ക് മാറ്റിയേക്കാമെന്നും ചർച്ചകളുണ്ടായിരുന്നു.
എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എ.മാരുടെ യോഗത്തിൽ ലീമ റോസിനെ കൂടാതെ എസ്.പി. വേലുമണി, പെരുന്തുരൈ ജയകുമാർ, വേലുകോവിന്ദരാജൻ എന്നിവർ ഉൾപ്പെടെ അഞ്ച് പേരാണ് വിട്ടുനിന്നത്. പുതുച്ചേരിയിൽ തങ്ങിയിരുന്ന ഇവരെ ഇന്ന് ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. എന്നിട്ടും യോഗത്തിൽ പങ്കെടുക്കാതിരുന്നത് എടപ്പാടി പളനിസ്വാമിയെ ഞെട്ടിച്ചിരിക്കുകയാണ്.
യോഗത്തിനുശേഷം എടപ്പാടി പളനിസ്വാമി പുതിയ സർക്കാരിന് ആശംസകൾ നേർന്നെങ്കിലും, ടി.വി.കെ.യെയോ വിജയ്‍യെയോ പേരെടുത്ത് പരാമർശിച്ചില്ല. വിട്ടുനിന്ന അഞ്ച് എം.എൽ.എ.മാരും ടി.വി.കെ.യിലേക്ക് ചേക്കേറിയിരിക്കുമോ എന്ന സംശയം ഇത് കൂടുതൽ ബലപ്പെടുത്തുന്നുണ്ട്.















Click it and Unblock the Notifications