യുപിയിലെ വര്‍ഗീയ കലാപങ്ങള്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്?
ലഖ്‌നൊ: പ്രശ്‌നകലുഷിതമാണ് ഉത്തര്‍ പ്രദേശ്. കൂട്ടബലാത്സംഗങ്ങളും വര്‍ഗീയ കലാപങ്ങളും ഒന്നിന് പുറകെ ഒന്നായി നടക്കുന്നു. എന്നാല്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ഈ കലാപങ്ങള്‍ക്ക് ബന്ധമുണ്ടോ. ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന മെയ് 16 ന് ശേഷം നടന്ന കലാപങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ യു പിയില്‍ നിന്നായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ചെറുതും വലുതുമായി 24 കലാപങ്ങളാണ് യു പിയില്‍ നടന്നത്. ഇതില്‍ നഷ്ടപ്പെട്ട ജീവനുകള്‍ എട്ട്. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി മുതല്‍ ആഘോഷങ്ങള്‍ക്കിടയിലെ പടക്കം പൊട്ടിക്കല്‍ വരെ കലാപങ്ങള്‍ക്ക് വഴിതെളിച്ചു. ക്ഷേത്രത്തിലെ ലൗഡ് സ്പീക്കര്‍ പോലീസ് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഹിന്ദുക്കള്‍ പോലീസുമായി ഏറ്റുമുട്ടി. മൊറാദാബാദില്‍ ജൂലൈ ആറിനുണ്ടായ ഈ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

മൊറാദാബാദിലെ തകുര്‍ദ്വാരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഇത്. ബി ജെ പി എം എല്‍ എയായ കുന്‍വാര്‍ സിംഗ് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചതോടെയാണ് ഈ സീറ്റില്‍ തിരഞ്ഞെടുപ്പ് വേണ്ടത്. മുസാഫിര്‍ നഗര്‍ കലാപങ്ങളില്‍ ആരോപണ വിധേയനായ ബിജ്‌നോരിലെ ബി ജെ പി എം എല്‍ എ ബര്‍തേന്ദു സിംഗും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവിടെയും ഉപതിരഞ്ഞെടുപ്പ് വേണം.
പന്ത്രണ്ട് സീറ്റുകളിലേക്കാണ് ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ആറ് മണ്ഡലങ്ങളിലും ചെറുതും വലുതുമായ കലാപങ്ങള്‍ നടന്നുകഴിഞ്ഞു. മീററ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ ബലാത്സംഗ വിവാദം സാമുദായിക കലാപത്തിന്റെ വക്കോളമെത്തിയിരുന്നു. പ്രശ്‌നത്തിന്റെ സത്യാവസ്ഥ പോലും അറിയുന്നതിന് മുന്‍പേ ബി ജെ പി നേതാക്കള്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications