കോണ്‍ഗ്രസിന് ഇനിയൊരു മടങ്ങി വരവില്ല? അസമിൽ ഇത്തവണയും എൻഡിഎ അടിച്ചുകേറുമെന്ന് സർവ്വെ
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യം ഇക്കുറിയും തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. സീറ്റുകളിലും വോട്ട് വിഹിതത്തിലും സഖ്യം വ്യക്തമായ മുന്നേറ്റം നേടുമെന്നാണ് സർവ്വെ പറയുന്നത്. ആകെ 126 നിയമസഭാ സീറ്റുകളിൽ എൻ ഡി എ 88-100 സീറ്റുകൾ വരെ നേടും. ബി ജെ പി ഒറ്റയ്ക്ക് 70-80 സീറ്റുകൾ വരെ സ്വന്തമാക്കുമെന്നും സർവ്വെ പറയുന്നു.
എൻ ഡി എ സഖ്യകക്ഷികളായ അസം ഗണപരിഷത്ത് ( എ ജി പി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി പി എഫ്) എന്നിവ 16-20 സീറ്റുകൾ സ്വന്തമാക്കും. ഇതേസമയം കോൺഗ്രസ് സഖ്യം 24-36 സീറ്റുകളിലൊതുങ്ങുമെന്നും സർവ്വെ പറയുന്നു. അതായത് ഇത്തവണയും കോണ്‍ഗ്രസ് സഖ്യം കാര്യമായ വെല്ലുവിളികൾ ബി ജെ പിക്ക് ഉയർത്തില്ലെന്ന് സാരം.

ഏകദേശം 48% വോട്ട് എൻ ഡി എ സഖ്യം നേടുമെന്നാണ് സർവ്വെ പറയുന്നത്. കോണ്‍ഗ്രസിന് ആകെ 38 ശതമാനം വോട്ട് വിഹിതം മാത്രമായിരിക്കും ലഭിക്കുക. എൻ ഡി എയിൽ ബി ജെ പിക്ക് മാത്രം ഏകദേശം 37% വോട്ട് വിഹിതം ലഭിക്കും. എ ഐ യു ഡി എഫ് (എ ഐ യു ഡി എഫ്) ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക പാർട്ടികൾക്ക് കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാൻ സാധിക്കില്ല.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ എൻ ഡി എ സഖ്യത്തിന് വ്യക്തമായ സ്വാധീനമുണ്ട്. അസമിലെ പ്രധാന ഭാഗങ്ങളിലെല്ലാം ഭരണസഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. 35 സീറ്റുകളുള്ള അപ്പർ അസമിൽ 26-28 സീറ്റുകളും, 41 സീറ്റുകളുള്ള സെൻട്രൽ അസമിൽ 31-35 സീറ്റുകളും എൻഡിഎ നേടുമെന്നാണ് പ്രവചനം. ബോഡോലാൻഡ് മേഖലയിൽ എൻ ഡി എക്ക് ഏകദേശം സമ്പൂർണ്ണ വിജയം നേടാനാകുമെന്നും പ്രവചനങ്ങളുണ്ട്. ആകെയുള്ള 15 സീറ്റുകളിൽ 13-15 സീറ്റുകൾ വരെ സഖ്യം നേടിയേക്കാം.
കോൺഗ്രസ് സഖ്യത്തിന് ലോവർ അസമിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചേക്കും. ഇവിടെ 12-14 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. പക്ഷേ, ഇത് മൊത്തത്തിലുള്ള തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ പര്യാപ്തമാകില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടർമാരുടെ മുൻഗണനകളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് സർവ്വെ സൂചിപ്പിക്കുന്നു. അതായത് എൻ ഡി എ അതിന്റെ മുൻ വോട്ടർമാരിൽ ഏകദേശം 74% പേരേയും നിലനിർത്തും. ൺഗ്രസ് സഖ്യം 69% വോട്ടുകൾ നിലനിർത്തിയെങ്കിലും സ്വാധീനം ഉയർത്താൻ അവർക്ക് ഇക്കുറിയും സാധിക്കില്ല. ചെറുകക്ഷികൾക്ക് സ്വാധീനം നഷ്ടപ്പെട്ടതായും ഈ വോട്ടുകളിൽ ഭൂരിരക്ഷവും എൻഡിഎയിലേക്കും മാറിയതായും സർവ്വെ പറയുന്നു.












Click it and Unblock the Notifications