ധനുഷ് ഉറപ്പിച്ച് തന്നെ? കോയമ്പത്തൂരിലെ 5 മണ്ഡലങ്ങളിൽ പണി തുടങ്ങി..ലക്ഷ്യം വിജയ്?
വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിലേക്കെന്ന് ഉറപ്പിച്ച് ആരാധകർ. ധനുഷിന്റെ ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയതാണ് ഇത്തരം ചർച്ചകൾക്ക് ശക്തിപകരുന്നത്. കോയമ്പത്തൂരിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഫാൻസ് ചാരിറ്റബിൾ ട്രെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. അടുത്തിടെ തൻ്റെ ആരാധ സംഘടനയ്ക്കായി പ്രത്യേക കൊടി തന്നെ ധനുഷ് പുറത്തിറക്കിയിരുന്നു. മാത്രമല്ല പൊതുജനങ്ങൾക്കായി സംഘടന അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നും ധനുഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിൻ്റെ പുതിയ നീക്കം.

ജൻമദിനത്തിൽ ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കവെയായിരുന്നു സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന ആഹ്വാനം ധനുഷ് നടത്തിയത്. 'നിരവധി പേരാണ് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് വലിയ ശക്തിയുണ്ട്. ഒരു ലക്ഷ്യത്തിന് വേണ്ടി ഈ ഐക്യം നമ്മൾ പ്രയോജനപ്പെടുത്തണം. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം ക്ഷേമപ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശങ്ങളിലുള്ള ആളുകൾക്ക് വേണ്ടെതെന്തെന്ന് തിരിച്ചറിയണം, കുടുംബങ്ങൾക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതിലെല്ലാം ഇടപെട്ട് കഴിയുന്നത് പോലെ സഹായം എത്തിക്കണം. അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം, നിങ്ങളെ പ്രവൃത്തി ഓർത്ത് എനിക്ക് അഭിമാനം തോന്നണം, ഞാൻ വിശ്വസിക്കുന്നത് നിങ്ങൾക്ക് അതൊക്കെ ചെയ്യാൻ സാധിക്കുമെന്നാണ്', എന്നായിരുന്നു ധനുഷിൻ്റെ വാക്കുകൾ.
ഇതോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി. ഇതിന് പിന്നാലെയാണിപ്പോഴത്തെ നീക്കം. കോയമ്പത്തൂർ നോർത്ത്,
കൗണ്ടംപാളയം, സിംഗനല്ലൂർ, സുലൂർ, മേട്ടുപ്പാളയം എന്നീ അഞ്ച് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ധനുഷ് വെൽഫെയർ മൂവ്‌മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രാദേശിക യൂണിറ്റുകൾ രൂപീകരിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘടനയിൽ ചേരാനോ പുതിയ യൂണിറ്റുകൾ രൂപീകരിക്കാനോ താല്പര്യമുളളവർ കോയമ്പത്തൂർ ജില്ലാ ഭാരവാഹികളെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.
എന്തുകൊണ്ട് കോയമ്പത്തൂർ?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴ് വെട്രി കഴകം ആണ് കോയമ്പത്തൂരിലെ ഈ അഞ്ച് മണ്ഡലങ്ങളിലും വിജയിച്ചത്. മാത്രമല്ല മറ്റൊരു രസകരമായ വസ്തത കോയമ്പത്തൂർ സൌത്ത് ഉൾപ്പെടെ ഡിഎംകെ വിജയിച്ച 10 മണ്ഡലങ്ങൾ കോയമ്പത്തൂർ ജില്ലയിൽ ഉണ്ട്. എന്നാൽ ഈ മണ്ഡലങ്ങളെ അംഗത്വ വിതരണ ക്യാമ്പെയ്നിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ധനുഷിൻ്റെ ഉന്നം വിജയിയും ടിവികെയുമാണോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്തായാലും ഇത്തരം ചർച്ചകളോടൊന്നും ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ അത് തമിഴ്നാട്ടിൽ മറ്റൊരു ത്രില്ലറിനായിരിക്കും വഴിയൊരുക്കുകയെന്ന കാര്യത്തിൽ സംശയമില്ല.


Click it and Unblock the Notifications