Get Updates
Get notified of breaking news, exclusive insights, and must-see stories!

E20 പെട്രോൾ അടിച്ചാൽ വണ്ടിയുടെ വാറന്റി പോകുമോ? ഉറുമ്പ് അരിക്കുമോ? മറുപടിയുമായി കേന്ദ്രം!

പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്ന കേന്ദ്ര സർക്കാരിന്റെ 'E20 എഥനോൾ ബ്ലെൻഡിങ്' പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് കൃത്യമായ മറുപടിയുമായി പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. E20 ഇന്ധനം എഞ്ചിൻ നശിപ്പിക്കുമെന്നും, മൈലേജ് വൻതോതിൽ കുറയ്ക്കുമെന്നും, വാഹനത്തിന്റെ ഇൻഷുറൻസും വാറന്റിയും ഇല്ലാതാക്കുമെന്നുമുള്ള ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് 10 ഇന വിശദീകരണമാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങളുടെയും ആഗോളതലത്തിലെ മികച്ച മാതൃകകളുടെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

എഞ്ചിൻ തകരാറിലാകുമോ? ഇൻഷുറൻസ് പോകുമോ?

വാഹനങ്ങളുടെ പെർഫോമൻസിനെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് കൃത്യമായ പഠന വിവരങ്ങളാണ് സർക്കാർ നൽകുന്നത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ പാസഞ്ചർ വാഹനങ്ങളിൽ 40,000 കിലോമീറ്ററും ഇരുചക്ര വാഹനങ്ങളിൽ 20,000 കിലോമീറ്ററും നടത്തി നോക്കിയ പരീക്ഷണങ്ങളിൽ വാഹനത്തിന്റെ പ്രവർത്തനത്തെയോ എഞ്ചിനെയോ ഇത് ദോഷകരമായി ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മൈലേജിൽ വളരെ ചെറിയ വ്യത്യാസം മാത്രമാണ് വരുന്നത്. എഥനോളിന്റെ ഉയർന്ന ഒക്ടേൻ റേറ്റിംഗ് കാരണം E20 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിച്ച വാഹനങ്ങൾക്ക് ഇത് കൂടുതൽ കരുത്ത് നൽകും.

e20-petrol-52501783102880 jpg

E20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ വാറന്റിയോ ഇൻഷുറൻസ് പരിരക്ഷയോ നഷ്ടമാകുമെന്ന പ്രചരണവും തെറ്റാണ്. ഇത്തരം ഇന്ധനം ഉപയോഗിക്കാൻ അനുമതിയുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസും വാറന്റിയും സാധാരണ പോലെ ലഭിക്കുമെന്ന് വാഹന നിർമ്മാതാക്കളും ഇൻഷുറൻസ് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങൾ നേരത്തെ മാറ്റേണ്ടി വന്നേക്കാം എന്നതൊഴിച്ചാൽ, ലോഹ-പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് യാതൊരു തകരാറും ഇത് ഉണ്ടാക്കില്ല.

വെള്ളം കയറുമെന്നും ഉറുമ്പ് അരിക്കുമെന്നുമുള്ള പ്രചരണങ്ങൾ

ഒരു ലിറ്റർ എഥനോൾ ഉണ്ടാക്കാൻ 10,000 ലിറ്റർ വെള്ളം വേണമെന്ന വാദവും മന്ത്രാലയം തള്ളി. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ശേഷമുള്ള അധിക അരിയും, വളരെ കുറഞ്ഞ വെള്ളം മാത്രം ആവശ്യമുള്ള ചോളവും ഉപയോഗിച്ചാണ് ഇപ്പോൾ എഥനോൾ നിർമ്മിക്കുന്നത്. ഒരു ലിറ്റർ എഥനോളിന് 3 മുതൽ 5 ലിറ്റർ വരെ പ്രോസസ്സ്ഡ് വെള്ളം മാത്രമേ ഫാക്ടറികളിൽ വേണ്ടി വരുന്നുള്ളൂ. പെട്രോളിൽ പഞ്ചസാരയുടെ അംശമുള്ളതിനാൽ ഉറുമ്പും തേനീച്ചയും ടാങ്കിലേക്ക് ആകർഷിക്കപ്പെടുമെന്ന തരത്തിലുള്ള ട്രോളുകൾ തികച്ചും അടിസ്ഥാനരഹിതമാണ്. എഥനോൾ നിർമ്മാണത്തിലെ ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെ ഇതിലെ പഞ്ചസാര പൂർണ്ണമായും നീക്കം ചെയ്യുന്നുണ്ട്. കൂടാതെ പ്രാണികളെ അകറ്റി നിർത്തുന്നതിനുള്ള ഡീനേച്ചറന്റുകളും ഇതിൽ ചേർക്കുന്നുണ്ട്. പെട്രോളിന്റെ ശക്തമായ ഹൈഡ്രോകാർബൺ മണം തന്നെയാണ് ഈ ഇന്ധനത്തിന് ഉണ്ടാകുക. കരിമ്പിൻ ജ്യൂസ് നേരിട്ട് പെട്രോളിൽ ഒഴിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ വ്യാജമായി നിർമ്മിച്ചതാണെന്നും സർക്കാർ ഓർമ്മിപ്പിച്ചു.

രാജ്യത്തിന് വൻ നേട്ടം

ഇന്ത്യ ലക്ഷ്യമിട്ടതിലും വളരെ മുൻപ് തന്നെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുക എന്ന നാഴികക്കല്ല് കൈവരിച്ചിരുന്നു. 2013-14 കാലഘട്ടത്തിൽ വെറും 1.5 ശതമാനം മാത്രമായിരുന്ന എഥനോൾ മിശ്രിതമാണ് ഇപ്പോൾ ഈ നിലയിലെത്തി നിൽക്കുന്നത്. ഈ പദ്ധതി വഴി രാജ്യത്തിന് 1.9 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ സാധിച്ചു. കൂടാതെ കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം ഉറപ്പാക്കാനും, കാർബൺ പുറന്തള്ളൽ 930 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനും ഈ ഹരിത ഇന്ധന വിപ്ലവത്തിലൂടെ സാധിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+