രജനികാന്ത് ഗവര്‍ണര്‍ ആകുമെന്ന് അഭ്യൂഹം; സഹോദരന്റെ വാക്കുകള്‍ ചര്‍ച്ച... വിവരങ്ങള്‍
ബെംഗളൂരു: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് വൈകാതെ ഗവര്‍ണര്‍ ആകുമെന്ന് അഭ്യൂഹം. തെലങ്കാന സംസ്ഥാനത്തിന്റെ ഗവര്‍ണറായി അദ്ദേഹത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചേക്കുമെന്നാണ് പ്രചാരണം. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ബിജെപി വലിയ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത് എന്നാണ് പ്രചാരണം.
സിനിമാ രംഗത്ത് നിന്ന് വൈകാതെ രജനികാന്ത് പിന്‍മാറിയേക്കും. തുടര്‍ന്നായിരിക്കും അദ്ദേഹം ഗവര്‍ണര്‍ പദവിയിലേക്ക് വരിക. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ഇതുവഴി നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്. മാത്രമല്ല, ദക്ഷിണേന്ത്യ മുഴുവന്‍ ബിജെപിക്ക് നേട്ടമാകുന്ന നീക്കമാകുമിതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണേന്ത്യയില്‍ വലിയ ആരാധകരുള്ള നടനാണ് രജനികാന്ത്. രാഷ്ട്രീയത്തിലിറങ്ങാന്‍ അദ്ദേഹം നേരത്തെ പദ്ധതിയിട്ടിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ച് അവസാന നിമിഷം തീരുമാനം മാറ്റിയെന്ന് രജനി തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ മറ്റൊരു വഴിയില്‍ രജനി രാഷ്ട്രീയത്തിലെത്തുമെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദ് പറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ രജനി ചിത്രം ജെയ്‌ലര്‍ വന്‍ വിജയമായിരുന്നു. സിനിമ റിലീസ് ആകുന്ന ദിവസം ഹിമാലയത്തിലായിരുന്നു രജനി. തൊട്ടുപിന്നാലെ അദ്ദേഹം ഉത്തരേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ചിരുന്നു. അയോധ്യയിലെത്തി രാമക്ഷേത്രം സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖതാരം അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കുന്നത് ആദ്യമാണ്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ജെയ്‌ലര്‍ സിനിമ കാണുമെന്നാണ് രജനി ലഖ്‌നൗവിലെത്തിയ വേളയില്‍ പറഞ്ഞത്. യോഗിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന രജനിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതാകട്ടെ, രജനിക്കെതിരെ വലിയ വിമര്‍ശനം ഉയരാനും കാരണമായി. സന്യാസിമാരെ ബഹുമാനിക്കുന്നതാണ് തന്റെ ശീലം എന്നായിരുന്നു ഇതിന് അദ്ദേഹം നല്‍കിയ മറുപടി.
ബിജെപിയുമായി രജനികാന്ത് അടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ആരോഗ്യ കാരണങ്ങളാല്‍ രാഷ്ട്രീയ നീക്കം രജനി ഉപേക്ഷിച്ചത്. പിന്നീട് അദ്ദേഹം ആത്മീയമായ വഴിയില്‍ സഞ്ചരിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. അതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ സത്യനാരായണ രജനിയെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത്.
രജനികാന്ത് പ്രത്യക്ഷ രാഷ്ട്രീയത്തില്‍ പ്രവേശിക്കില്ല, പക്ഷേ, വൈകാതെ ഒരു സംസ്ഥാനത്തെ ഗവര്‍ണറാകുമെന്നാണ് സത്യനാരായണ പറഞ്ഞത്. എന്നാല്‍ തെലങ്കാന എന്ന് അദ്ദേഹം എടുത്തു പറഞ്ഞിരുന്നില്ല. തെലങ്കാന ഗവര്‍ണറായി രജനി എത്തുമെന്ന വാര്‍ത്ത വന്നപ്പോള്‍ സത്യനാരായണ നിഷേധിക്കുകയാണ് ചെയ്തത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും മാത്രമല്ല, ദക്ഷിണേന്ത്യയില്‍ മൊത്തം സ്വാധീനം ശക്തമാക്കുകയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അഭ്യൂഹമുണ്ട്. മാത്രമല്ല, കൂടുതല്‍ സിനിമാ താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനും ബിജെപിക്ക് ലക്ഷ്യമുണ്ടത്രെ.












Click it and Unblock the Notifications