റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലേക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ?
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കുമെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. എഎന്‍ഐയുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. രണ്ട് ഭൂമി ഇടപാടുകളില്‍ പ്രതിയാണ് റോബര്‍ട്ട് വദ്ര. ബിജെപി സര്‍ക്കാരുകള്‍ തന്റെ ബിസിനസില്‍ ഇടപെടുന്നുവെന്നും എല്ലാത്തിലും രാഷ്ട്രീയമായ നീക്കം നടത്തുന്നുവെന്നുമാണ് റോബര്‍ട്ട് വദ്രയുടെ പരാതി. ബിജെപി രാഷ്ട്രീയ പ്രേരിതമായ കേസാണ് എടുത്തിരിക്കുന്നതെന്നും റോബര്‍ട്ട് വദ്ര പറയുന്നു. സാമൂഹിക പ്രവര്‍ത്തനം താന്‍ നടത്തുന്നുണ്ടെന്നും അതിനു വേണ്ടി എനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ലമെന്റംഗമായാല്‍ തനിക്ക് ജനങ്ങളുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കുടുംബവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവരുടെ അനുഗ്രഹം മാത്രം മതി എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍. ഇതെല്ലാം രാഷ്ട്രീയമായ കാഴ്ചപ്പാടിലല്ല നോക്കിക്കാണുന്നത്. നാളെ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ ജനങ്ങളെ വലിയ രീതിയില്‍ സഹായിക്കാനുള്ള അവസരമായി ഉപയോഗിക്കും. ബിജെപിക്കെതിരെ പോരാടണമെങ്കില്‍ പാര്‍ലമെന്റംഗമാകണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വേണം. കുടുംബവുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും റോബര്‍ദ് വദ്ര പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും ഫലം കാത്തിരിക്കുകയും ചെയ്യുന്ന വേളയിലാണ് റോബര്‍ട്ട് വദ്രയുടെ പ്രതികരണം എന്നത് ശ്രദ്ധേമയാണ്. രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. ഇവിടെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കോണ്‍ഗ്രസ് യുപിയില്‍ തകര്‍ന്നടിയുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നത്. 2012ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് യുപിയില്‍ 19 സീറ്റുണ്ടായിരുന്നു. 2017ല്‍ ഇത് ഏഴ് സീറ്റായി കുറഞ്ഞു. ഇത്തവണ ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നോക്കേണ്ടതില്ലെന്നും മാര്‍ച്ച് പത്തിന് യഥാര്‍ഥ ഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കാമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഫലം വരുമ്പോള്‍ സാഹചര്യം നോക്കി എസ്പിയുമായുള്ള സഖ്യത്തെ കുറിച്ച് ആലോചിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിുകളില്‍ പ്രിയങ്ക ഗാന്ധി 167 റാലികളിലാണ് പ്രസംഗിച്ചത്. പ്രചാരണരംഗത്ത് പ്രിയങ്കയും രാഹുലും കഠിനമായി പ്രയത്‌നിച്ചുവെന്ന് റോബര്‍ട്ട് വദ്ര പറഞ്ഞു. ഫലം അനുകൂലമല്ലെങ്കിലും അവര്‍ പ്രവര്‍ത്തനം തുടരുമെന്നും വദ്ര കൂട്ടിച്ചേര്‍ത്തു. വനിതാ വോട്ടര്‍മാര്‍ പ്രിയങ്കയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. പകലും രാത്രിയും വ്യത്യാസമില്ലാതെ പ്രിയങ്ക ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ജനങ്ങളെ എങ്ങനെ സഹായിക്കാന്‍ സാധിക്കുമെന്നാണ് പ്രയിങ്ക നോക്കുന്നത്. പ്രിയങ്കയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കുള്ള എസ്പിജി സുരക്ഷ ഒഴിവാക്കി. പ്രിയങ്കയെ സമ്മര്‍ദ്ദത്തിലാക്കാനും പൊതുരംഗത്ത് നിന്ന് പിന്‍വലിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. വ്യാജമായ ആരോപണം ബിജെപി ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു. എട്ട് വര്‍ഷമായി എനിക്കെതിരെ അന്വേഷണം നടക്കുന്നു. എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചോ. ഇഡിയും ആദായനികുതി വകുപ്പുമെല്ലാം പിന്നാലെയുണ്ട്. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കണമെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.












Click it and Unblock the Notifications