വിജയ് 'രഹസ്യനീക്കം' നടത്തുന്നു; പ്രശാന്ത് കിഷോര്‍ വീണ്ടും തമിഴകത്ത് എത്തുമോ?
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന വാര്‍ത്തകള്‍ക്കിടെ താരത്തിന്റെ അടുത്ത നീക്കത്തെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് ചര്‍ച്ച നടത്തുമെന്നാണ് വിവരം. രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് തമിഴ് വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയമന്ത്രം ഓതിയ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. നരേന്ദ്ര മോദി, എംകെ സ്റ്റാലിന്‍, മമത ബാനര്‍ജി തുടങ്ങി നിരവധി നേതാക്കള്‍ക്ക് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും കണ്ടിരുന്നു. പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന നിര്‍ദേശമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചകള്‍. എന്നാല്‍ ചില തടസങ്ങള്‍ നേരിട്ടതിനാല്‍ ഇടനിലക്കാരന്റെ ദൗത്യത്തില്‍ നിന്ന് പ്രശാന്ത് കിഷോര്‍ പിന്മാറി.
അതിനിടെയാണ് തമിഴ്‌നാട്ടില്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്താന്‍ ആലോചിക്കുന്നുവെന്ന വിവരം വന്നത്. പ്രശാന്ത് കിഷോറുമായി വിജയ് ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് പുതിയ വാര്‍ത്ത. രാഷ്ട്രീയ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം, ബൂത്ത് തല കമ്മിറ്റി രൂപീകരണം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്... തുടങ്ങിയ ചര്‍ച്ചകള്‍ക്കാണ് വിജയ്-കിഷോര്‍ കൂടിക്കാഴ്ച എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിജയുടെ ആരാധക സംഘടനാ നേതാക്കളോ പ്രശാന്ത് കിഷോറുമായി ബന്ധമുള്ളവരോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് മികച്ച വിജയം നേടിയ വിജയ് ആരാധകരുടെ കൂട്ടായ്മ അടുത്തിടെ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് വിവരം. വിജയുടെ എല്ലാ പിന്തുണയും ഇതിനുണ്ടത്രെ.
വിദ്യാര്‍ഥികളുമായുള്ള സംവാദം, പഠന സൗകര്യം ഒരുക്കല്‍, ആരാധക സംഘടനാ നേതാക്കളുമായുള്ള നിരന്തര കൂടിക്കാഴ്ച തുടങ്ങി വിജയ് അടുത്തിടെ നടത്തുന്ന ഓരോ നീക്കവും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാണ്. അടുത്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹം മൂന്ന് വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് അവധിയെടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന വാര്‍ത്തകളും വന്നിരുന്നു.
കഴിഞ്ഞ വര്‍ഷവും വിജയ്-പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമാ ചിത്രീകരണത്തിന് ഹൈദരാബാദിലെത്തിയപ്പോഴാണ് പ്രശാന്ത് കിഷോറിനെ വിജയ് കണ്ടതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വിജയുമായി അടുപ്പമുള്ളവര്‍ ഈ വാര്‍ത്ത നിഷേധിച്ചെങ്കിലും പ്രശാന്ത് കിഷോറുമായി ബന്ധമുള്ളവര്‍ ശരിവയ്ക്കുകയാണ് ചെയ്തത്.












Click it and Unblock the Notifications