ജാതിസെന്‍സസ് പഹല്‍ഗാം മറയ്ക്കാനുള്ള തന്ത്രമോ? ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ആക്രമണം രൂക്ഷമാക്കി കോണ്‍ഗ്രസ്. 26 പേര്‍ കൊല്ലപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു എന്നും എന്നാല്‍ അവര്‍ എന്താണ് ചെയ്യാന്‍ ഉദ്ദോശിക്കുന്നതെന്ന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നും കോണ്‍ഗ്രസ് പറഞ്ഞു
ജാതിസെന്‍സസ് പ്രഖ്യാപിച്ച സമയത്തിലും കോണ്‍ഗ്രസ് സംശയം പ്രകടിപ്പിച്ചു. രാജ്യം പഹല്‍ഗാം സംഭവത്തില്‍ ദുഃഖിക്കുന്ന സമയത്താണ് പ്രഖ്യാപനം വന്നത് എന്നും ഇത് മറ്റെന്തെങ്കിലും മറച്ച് വെക്കാന്‍ വേണ്ടിയാണോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍, പഹല്‍ഗാം സംഭവത്തെക്കുറിച്ചും ജാതി സെന്‍സസ് പ്രഖ്യാപനത്തെക്കുറിച്ചും പ്രവര്‍ത്തക സമിതി ഓരോ പ്രമേയം അംഗീകരിച്ചു.

സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല, സാമൂഹിക-സാമ്പത്തിക സൂചകങ്ങളും രേഖപ്പെടുത്തുന്ന സമഗ്രമായ ഒരു പ്രവര്‍ത്തനമായിരിക്കണം ജാതിസെന്‍സസ് എന്ന് കോണ്‍ഗ്രസ് പറഞ്ഞു. 56 ചോദ്യങ്ങളുള്ള തെലങ്കാന ജാതി സര്‍വേ കേന്ദ്രം അനുകരിക്കേണ്ട മാതൃകയാണെന്ന് കോണ്‍ഗ്രസ് പ്രമേയത്തില്‍ അവകാശപ്പെട്ടു. ജാതി സെന്‍സസിന് ഒരു സമയപരിധി ഉണ്ടായിരിക്കണം.
50% സംവരണ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ആറു മാസത്തിലധികം ഈ വിഷയങ്ങളില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്നും ജാതി സെന്‍സസിലെതുപോലുള്ള തുടര്‍ച്ചയായ പ്രചാരണങ്ങള്‍ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു.
ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം ഒരു അര്‍ധരാത്രി കൊണ്ട് എടുത്തതാണോ എന്നായിരുന്നു ജയ്‌റാം രമേഷ് ചോദിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജാതിസെന്‍സസ് നടത്തും എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തും എന്നാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. ഒരു മലയാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 'ഒരു രാഷ്ട്രമെന്ന നിലയില്‍ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാനും തീവ്രവാദത്തെ നിര്‍ണ്ണായകമായി നിയന്ത്രിക്കാനുമുള്ള നമ്മുടെ കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട സമയമാണിത്. നമ്മുടെ പ്രദേശത്തേക്ക് ഭീകരത കയറ്റുമതി ചെയ്യുന്നത് തുടരുന്നതിന് പാകിസ്ഥാന് മറുപടി കൊടുക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,' എന്നായിരുന്നു പഹല്‍ഗാം ആക്രമണം സംബന്ധിച്ച പ്രമേയം.
പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് എന്നാണ് നീതി ലഭിക്കുക എന്ന് മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേല്‍ ചോദിച്ചു. 'മരിച്ചവര്‍ക്ക്, അവര്‍ക്ക് എപ്പോള്‍ നീതി ലഭിക്കും? ആരാണ് ഉത്തരവാദി? ആഭ്യന്തരമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ അതോ പ്രതിരോധ മന്ത്രി ഏറ്റെടുക്കുമോ? പഹല്‍ഗാമില്‍ നമ്മുടെ സുരക്ഷാ സംവിധാനം എന്തുകൊണ്ട് പരാജയപ്പെട്ടു?',' അദ്ദേഹം ചോദിച്ചു.
'പഹല്‍ഗാമില്‍ എന്താണ് നടന്നത് എന്നതില്‍ അന്വേഷണം വേണം എന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ ആവശ്യപ്പെടുന്ന അന്വേഷണമായി ഇതിനെ വ്യാഖ്യാനിക്കും എന്നതിനാല്‍ പ്രമേയത്തിന്റെ കരടില്‍ നിന്ന് അന്വേഷണം എന്ന വാക്ക് നീക്കം ചെയ്ത് പകരം ഉത്തരവാദിത്തം എന്നാക്കി മാറ്റി,'' വൃത്തങ്ങള്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള പ്രദേശങ്ങളിലൊന്നായ ഇവിടെ സുരക്ഷാ, രഹസ്യാന്വേഷണ മേഖലയിലെ ഗുരുതരമായ വീഴ്ചകള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന മുന്‍ ആവശ്യം പ്രവര്‍ത്തക സമിതി വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ സുതാര്യതയും ഉത്തരവാദിത്തവും അര്‍ഹിക്കുന്നു എന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications