ബാങ്ക് ലോക്കറിനുളളിൽ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ സ്വർണം സുരക്ഷിതമാണോ? ഇത് നിങ്ങളെ ഞെട്ടിക്കും!
സ്വർണവിലയിൽ വലിയ തോതിൽ വർധനവ് വന്നതോടെ ആളുകൾ കയ്യിലുളള സ്വർണം സുരക്ഷിതമായി ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുന്നുണ്ട്. എന്നാൽ ബാങ്ക് ലോക്കറുകൾക്കുള്ളിൽ, കട്ടിയുളള സ്റ്റീൽ വാതിലുകൾക്കും ബയോമെട്രിക് ലോക്കുകൾക്കുമുള്ളിൽ നിങ്ങളുടെ സ്വർണ്ണം ഏറ്റവും സുരക്ഷിതമായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ബെംഗളൂരുവിൽ നിന്നുള്ള ഈ വാർത്തയോടെ അത് മാറാൻ സാധ്യതയുണ്ട്.
ബാംഗ്ലൂരിലെ ഒരു ഡെപ്യൂട്ടി ബാങ്ക് മാനേജർ ഉപഭോക്താക്കളുടെ ലോക്കറുകൾ സ്വന്തം നിധിശേഖരം പോലെ കരുതി, 3.5 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണവുമായി കടന്നുകളഞ്ഞുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പോലീസ് പറയുന്നതനുസരിച്ച് പ്രതി 2780 ഗ്രാം സ്വർണാഭരണങ്ങൾ ഉപഭോക്താക്കളുടെ ലോക്കറുകളിൽ നിന്ന് വളരെ രഹസ്യമായി എടുത്തുമാറ്റി. പിന്നീട് ആരും അറിയാതെ ഈ സ്വർണം പണയം വെക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് സ്വർണ്ണം തിരികെ ലഭിക്കാതെ വന്നപ്പോൾ മാത്രമാണ് ഈ കവർച്ച പുറംലോകമറിയുന്നത്.

ഒരു ധനകാര്യ സ്ഥാപനത്തിലാണ് ഇയാൾ ആഭരണങ്ങൾ പണയം വെച്ചിരുന്നത്. ഫെബ്രുവരി 5ന് ഗിരിനഗർ പോലീസ് സ്റ്റേഷനിൽ ബാങ്കിന്റെ ചീഫ് മാനേജർ പരാതി നൽകിയതോടെയാണ് ഈ കവർച്ചയുടെ ചുരുളഴിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിൽ തന്നെ വൻ തിരിമറി നടന്നതിന്റെ തെളിവുകൾ കണ്ടെത്തി. സ്വർണ്ണം പണയം വെച്ചതിലൂടെ ലഭിച്ച പണം ഇയാൾ നിക്ഷേപിക്കുകയോ ലാഭിക്കുകയോ ചെയ്തിട്ടില്ലെന്നും, മറിച്ച് ഓൺലൈൻ ചൂതാട്ടത്തിനായി ഉപയോഗിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് സ്ഥിരീകരിച്ചുകൊണ്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ലോകേഷ് ബി ജഗലസാർ മാധ്യമങ്ങളോട് സംസാരിച്ചു. "ഏകദേശം 700 ഗ്രാം സ്വർണം ഇതുവരെ ഞങ്ങൾക്ക് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കാണാതായ ബാക്കി സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും ഊർജ്ജിതമായി പുരോഗമിക്കുകയാണ്," അദ്ദേഹം അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് ചില ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പ്രതീക്ഷിച്ച സഹകരണം ലഭിക്കുന്നില്ലെന്നും പോലീസ് സൂചിപ്പിച്ചു. അതിനാൽ, കോടതിയുടെ ഇടപെടൽ തേടേണ്ടി വന്നേക്കാമെന്ന് അധികാരികൾ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഉപഭോക്താക്കൾ തങ്ങളുടെ ലോക്കറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദ്ദേശം നൽകി.
ഈ സംഭവം ബാങ്ക് ലോക്കറുകളിലുള്ള പൊതുജനവിശ്വാസത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ സ്വർണ്ണത്തിന് ബാങ്കിന് പുറത്തുള്ള കള്ളനേക്കാൾ വലിയ ഭീഷണി കൗണ്ടറിന് പിന്നിലിരിക്കുന്നയാൾ ആകാം എന്ന അസുഖകരമായ ഓർമ്മപ്പെടുത്തലാണിത്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുന്നു.












Click it and Unblock the Notifications