കടിഞ്ഞാണേറ്റെടുത്ത് ഇഷ... പ്രതിദിനം തുറക്കുന്നത് 2 സ്റ്റോറുകള്‍..! പ്രശംസ കൊണ്ട് മൂടി അംബാനിയും
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് 2024ല്‍ കൈവരിച്ചത് ശ്രദ്ധേയമായ വളര്‍ച്ച. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ തലപ്പത്ത്. ഇഷ നേതൃസ്ഥാനം ഏറ്റെടുത്തതോടെ കമ്പനി വന്‍ കുതിപ്പിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി ഇന്ത്യയിലുടനീളം 779 പുതിയ സ്റ്റോറുകള്‍ ആണ് തുറന്നത്. അതായത് പ്രതിദിനം ശരാശരി രണ്ടിലധികം സ്റ്റോറുകള്‍! ഇതോടെ റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളുടെ ആകെ എണ്ണം 19,102 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 296 ദശലക്ഷം ഉപഭോക്താക്കള്‍ക്കാണ് റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍ സേവനം നല്‍കിയത് എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ശക്തമായ സാമ്പത്തിക പ്രകടനമാണ് കമ്പനി കാഴ്ച വെച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.8 ശതമാനം വര്‍ധനയോടെ 90,333 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി കമ്പനിയുടെ വിജയത്തെ പ്രശംസിക്കാനും മറന്നില്ല. റീട്ടെയില്‍ വിഭാഗത്തിലെ എല്ലാ ഫോര്‍മാറ്റുകളും ഈ നേട്ടത്തിന് ഗണ്യമായ സംഭാവന നല്‍കി എന്ന് അദ്ദേഹം പറഞ്ഞു.
റിലയന്‍സ് റീട്ടെയില്‍ അതിന്റെ വിപുലമായ വ്യാപ്തിയിലൂടെയും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ഓഫറുകളിലൂടെയും ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരുകയാണ് എന്നും മുകേഷ് അംബാനി പറഞ്ഞു. ഉത്സവ സീസണിലെ വില്‍പ്പനയും ഗുണനിലവാരത്തിലും താങ്ങാനാവുന്ന വിലയിലും ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് മികച്ച പ്രകടനത്തിന് കാരണമെന്ന് ഇഷ അംബാനി പറഞ്ഞു.
മികച്ച മൂല്യം വാഗ്ദാനം ചെയ്യാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ ഉപഭോക്താക്കളെ തങ്ങളുടെ ഫിസിക്കല്‍ സ്റ്റോറുകളിലേക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കും ആകര്‍ഷിച്ചു എന്നും ഇഷ പറഞ്ഞു. പ്രധാന വിഭാഗങ്ങളിലുടനീളം റിലയന്‍സ് റീട്ടെയ്ല്‍ വളര്‍ച്ച രേഖപ്പെടുത്തി. പലചരക്ക് വില്‍പ്പനയില്‍ പ്രതിവര്‍ഷം 37% വളര്‍ച്ചയുണ്ടായി. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് 12% വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അജിയോ, ജിഎപി തുടങ്ങിയ ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ വില്‍പ്പന റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഇറ്റലിയില്‍ മൂന്ന് പുതിയ സ്റ്റോറുകള്‍ തുറന്നുകൊണ്ട് ഹാംലീസ് ആഗോളതലത്തില്‍ വിപുലീകരിച്ചു. കൂടാതെ, കാമ്പ, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയ ഹോംഗ്രൗണ്‍ ബ്രാന്‍ഡുകളുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം 1,000 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications